ന്യൂഡൽഹി: ട്രെയിനിൽ കയറുന്നതിനിടെ സാരി വാതിലിൽ കുടുങ്ങി ട്രാക്കിൽ വീണ 35 വയസ്സുകാരിയായ ഡൽഹി മെട്രോ യാത്രികക്ക് ദാരുണാന്ത്യം. സാരി ഉടക്കി ട്രാക്കിൽ വീണ യുവതിയെയും വലിച്ചുകൊണ്ട് ട്രെയിൻ അൽപ്പദൂരം മുന്നോട്ട് നീങ്ങി. ഇതിനിടെ യുവതിയുടെ തലയ്ക്കും നെഞ്ചിനും ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു.
ഡൽഹിയിലെ ഇന്ദ്രലോക് മെട്രോ സ്റ്റേഷനിൽ വ്യാഴാഴ്ചയായിരുന്നു അപകടം. അപകടത്തെ തുടർന്ന് യുവതിയെ ഉടൻ തന്നെ സഫ്ദർജംഗ് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
കോച്ചിനുള്ളിലേക്ക് കടന്ന യുവതി, കുട്ടിയെ കൂട്ടുന്നതിന് വേണ്ടി തിരിഞ്ഞപ്പോഴായിരുന്നു അപകടം. സംഭവത്തിൽ ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ അന്വേഷണം പ്രഖ്യാപിച്ചു. മോഹൻ നഗറിലേക്ക് പോവുകയായിരുന്ന യാത്രികയാണ് അപകടത്തിൽ പെട്ടത്.
Discussion about this post