പുതിയ കൊവിഡ് ഉപവകഭേദം ആദ്യം കണ്ടെത്തിയത് കേരളത്തിൽ: ഒന്നര മാസത്തിനിടെ 10 കൊവിഡ് മരണം; ആരോഗ്യമന്ത്രി
തിരുവനന്തപുരം : കഴിഞ്ഞ ഒന്നര മാസത്തിനിടെ കേരളത്തിൽ 1600 ലധികം പേർക്ക് പുതിയ കൊവിഡ് ഉപവകഭേദം കണ്ടെത്തിയെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ്. കൊവിഡ് കണ്ടെത്തിയവരിൽ 10 പേരാണ് മരിച്ചിട്ടുള്ളത്. മരണപ്പെട്ടവരിൽ ഭൂരിഭാഗം പേർക്കും മറ്റു അസുഖങ്ങളും ഉണ്ടായിരുന്നുവെന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കി.
പുതിയ കൊവിഡ് ഉപവകഭേദമായ ഒമിക്രോൺ ജെഎൻ 1 ആദ്യം കണ്ടെത്തിയത് കേരളത്തിലാണെന്നത് സംസ്ഥാന ആരോഗ്യ സംവിധാനങ്ങളുടെ മികവ് കൊണ്ടാണെന്നും ആരോഗ്യമന്ത്രി വീണാ ജോർജ് വ്യക്തമാക്കി. ആദ്യം കണ്ടെത്തിയത് കേരളത്തിലാണ് എന്നതിന്റെ അർത്ഥം ആദ്യം ഉണ്ടായത് കേരളത്തിൽ ആണെന്നല്ല എന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേർത്തു.
ഈ വർഷം നവംബർ മുതൽ സംസ്ഥാനത്ത് കൊവിഡ് കേസുകളിൽ നേരിയ വർദ്ധനയുണ്ടായിരുന്നുവെന്ന് വീണ ജോർജ് അറിയിച്ചു. നിലവിലെ കേരളത്തിലെ കൊവിഡ് സാഹചര്യം സര്‍ക്കാരും ആരോഗ്യവകുപ്പും സൂക്ഷ്മമായി തന്നെ നിരീക്ഷിക്കുന്നുണ്ട്. ജെഎൻ 1 ഉപവകഭേദത്തിന് വ്യാപനശേഷി കൂടുതലാണെങ്കിലും തീവ്രത കൂടുതലല്ല. കേരളത്തിൽ കൂടുതൽ കൊവിഡ് കേസുകൾ കണ്ടെത്തുന്നതിന്റെ കാരണം മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കൂടുതൽ പരിശോധന നടത്തുന്നതാണ് എന്നും ആരോഗ്യമന്ത്രി വീണ ജോർജ് അഭിപ്രായപ്പെട്ടു.
Discussion about this post