ന്യൂഡൽഹി: അയോദ്ധ്യയിലെ രാമക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠക്കായുള്ള വിഗ്രഹം തിരഞ്ഞെടുത്തതോടെ ശിൽപ്പി യോഗിരാജ് അർജുന്റെ കുടുംബം ഇപ്പോൾ കടന്നു പോകുന്നത് അഭിമാനവും ആഹ്ലാദവും ഒത്തുചേർന്ന നിമിഷങ്ങളിലൂടെയാണ്.
ഇത് ഞങ്ങൾക്ക് ഏറ്റവും സന്തോഷകരമായ നിമിഷമാണ്. ഈ നിമിഷം ആഘോഷിക്കാനായി അർജുന്റെ പിതാവ് ഇപ്പോൾ ജീവനോടെ ഉണ്ടാകേണ്ടതായിരുന്നു. മകന്റെ കലയ്ക്ക് ലോകം മുഴുവൻ സാക്ഷിയായതിൽ അതീവ സന്തോഷമുണ്ട്’- അർജുന്റെ അമ്മ സരസ്വതി വ്യക്തമാക്കി. മകൻ ഇപ്പോഴും അയോദ്ധ്യയിലാണ്. ഏറെ ഉത്സാഹത്തോടെയാണ് രാം ലല്ലക്കായുള്ള വിഗ്രഹം അവൻ നിർമിച്ചത്. എന്റെ മകൻ നിർമിച്ച ലാം ലല്ലയുടെ വിഗ്രഹത്തെ ഇനിയുള്ള കാലം മുഴുവൻ എല്ലാവരും അഭിനന്ദിക്കും’ – അമ്മ കൂട്ടിച്ചേർത്തു.
ഞങ്ങൾക്കുള്ള അഭിമാനം വാക്കുകൾക്കതീതമാണ്. ഞങ്ങൾക്കെല്ലാവർക്കും ഇതൊരു മഹത്തായ നിമിഷമാണ്. ഞങ്ങൾ ഏറെ സന്തോഷത്തിലാണ്.എന്നാൽ, കുറച്ച് ആശയക്കുഴപ്പവും തോന്നി. ഭർത്താവ് ഇതിനെക്കുറിച്ച് ഞങ്ങളെ അറിയിച്ചില്ല. മാദ്ധ്യമങ്ങളിലുടെയാണ് ഇക്കാര്യം അറിഞ്ഞത്.- സംഭവത്തിൽ തന്റെ അഭിമാനവും സന്തോഷവും അറിയിച്ചുകൊണ്ട് അർജുന്റെ ഭാര്യ വിജീത പറഞ്ഞു. അദ്ദേഹത്തിന്റെ ജോലി നൂറു ശതമാനം ആത്മാർത്ഥതയോടെയാണ് ചെയ്യുക. അദ്ദേഹത്തെ തന്നെ ഇത്തരം ശിൽപ്പങ്ങൾക്കായി സമർപ്പിക്കും. ഒരുപാട് പഠിച്ചാണ് ഓരോ ശിൽപ്പവും അർജുൻ യാഥാർത്ഥ്യമാക്കുകയെന്നും വിജീത കൂട്ടിച്ചേർത്തു.
ഒരു കല്ലിൽ ദൈവീക സാന്നിദ്ധ്യം തിരിച്ചറിയുന്നതു വരെ അദ്ദേഹം പരിശ്രമിക്കും. ഈ വഗ്രഹത്തിന്റെ പൂർത്തീകരണത്തിനായി 6 മാസത്തോളമാണ് അദ്ദേഹം പരിശ്രമിച്ചത്. ഞങ്ങൾക്ക് ക്ഷേത്രത്തിലെ ചടങ്ങിനായി ക്ഷണം ലഭിച്ചിട്ടില്ല. ലഭിച്ചാൽ തീർച്ചയായും അവിടെയെത്തുമെന്നും അവർ കൂട്ടിച്ചേർത്തു.
ഈ ലോകത്തിലെ മറ്റാരും ഇത്രയേറെ സന്തോഷം അനുഭവിച്ചിട്ടുണ്ടാകില്ലെന്ന് അർജുന്റെ സഹോദരി ചേതന പ്രതികരിച്ചു. വരയും ശിൽപവിദ്യയും അദ്ദേഹത്തിന്റെ സ്വപ്നമായിരുന്നു. എംബിഎ ചെയ്തിരുന്നെങ്കിലും അദ്ദേഹത്തിന്റെ യഥാർത്ഥ താൽപര്യം ശിൽപവിദ്യയിലായിരുന്നു. ചെറിയ പ്രായത്തിൽ തന്നെ ഇതിലുള്ള സഹോദരന്റെ കഴിവ് പ്രകടമായിരുന്നു. ആ ചരിത്ര നിമിഷത്തിന് സാക്ഷിയാകാൻ ഒരു അവസരം കൂടി ലഭിച്ചാൽ അത് അതിലുപരി മറ്റൊരു സന്തോഷമില്ലെന്നും അർജുന്റെ സഹോദരി പറഞ്ഞു.
Discussion about this post