ഡല്‍ഹി: 2015 ഡിസംബര്‍ 22ന് പാര്‍ലമെന്റ് പാസാക്കിയ ബാലനീതി നിയമം പ്രസിഡന്റ് പ്രണബ് കുമാര്‍ മുഖര്‍ജി അംഗീകരിച്ചുു. പാര്‍ലമെന്റ് പാസാക്കി അംഗീകാരത്തിനയച്ച ബാലനീതി(കരുതലും സംരക്ഷണവും) നിയമം 2015നാണ് പ്രസിഡന്റ് അനുമതി നല്‍കിയതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
ഇനിമുതല്‍ ബലാത്സംഗവും കൊലപാതകവുമടക്കമുള്ള കുറ്റകൃത്യങ്ങള്‍ ചെയ്യുന്ന 16 കാരനെ മുതിര്‍ന്നയാളായി പരിഗണിച്ച് വിചാരണ ചെയ്യാന്‍ ഇന്ത്യന്‍ ശിക്ഷാനിയമപ്രകാരം അധികാരമുണ്ടാകും. കുറ്റകൃത്യം ചെയ്യുന്നവരില്‍ 18 വയസിന് താഴെയുള്ളവര്‍ക്ക് ലഭിക്കുന്ന 2000ലെ ബാലനീതി നിയമത്തിന്റെ ആനുകൂല്യങ്ങളാണ് പുതിയ നിയമത്തിലൂടെ റദ്ദാകുന്നത്.
ഇവരെ കുട്ടിക്കുറ്റവാളികളായി കണക്കാക്കി ബാലനീതി ബോര്‍ഡുകള്‍ തീരുമാനിക്കുന്ന പരമാവധി മൂന്നുകൊല്ലം ജുവനൈല്‍ ഹോം തടവുശിക്ഷയാണ് പഴയ നിയമത്തിലുണ്ടായിരുന്നത്. 2012 ഡിസംബറില്‍ രാജ്യത്തെ നടുക്കിയ നിര്‍ഭയ കൂട്ട ബലാത്സംഗത്തെതുടര്ന്നാണ് നിയമത്തില്‍ മാറ്റം വരുത്തുന്നത് സംബന്ധിച്ച് വിവിധ കോണുകളില്‍ നിന്ന് ശക്തമായ ആവശ്യമുയര്‍ന്നത്. ഓടിക്കൊണ്ടിരുന്ന ബസില്‍ പാരാമെഡിക്കല്‍ വിദ്യാര്‍ത്ഥിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയവരില്‍ ഏറ്റവും അക്രമം കാട്ടിയത് പ്രായപൂര്‍ത്തിയാകാത്തയാളായിരുന്നു.
മൂന്ന് കൊല്ലത്തെ തടവുശിക്ഷയ്ക്ക് ശേഷം ഇയാളെ പുറത്തുവിടാറായപ്പോഴാണ് ശക്തമായ പ്രതിഷേധങ്ങള്‍ക്കും പ്രകടനങ്ങള്‍ക്കും രാജ്യതലസ്ഥാനം സാക്ഷ്യം വഹിച്ചത്. തുടര്‍ന്ന് തിടുക്കപ്പെട്ട് ബാലനീതി നിയമം പാര്‍ലമെന്റ് പാസാക്കുകയും ചെയ്തു. ഡല്‍ഹി സംഭവത്തിലെ ഇരയുടെ മാതാപിതാക്കളെ സാക്ഷിനിര്‍ത്തിയാണ് പാര്‍ലമെന്റ് നിയമം പാസാക്കിയത്. തുടര്‍ന്ന് നിയമമാക്കാനായി രാഷ്ട്രപതിയുടെ അംഗീകാരത്തിനയയ്ക്കുകയായിരുന്നു.
Discussion about this post