കോഴിക്കോട്: കൂടത്തായി കേസിൽ ഒരു സാക്ഷി കൂടി കൂറുമാറി. പ്രതി ജോളിക്ക് സയനെയ്ഡ് എത്തിച്ചു കൊടുത്ത സ്വർണ്ണപ്പണിക്കാരൻ പ്രജി കുമാറിന്റെ ഭാര്യ ശരണ്യയാണ് കോടതിയിൽ പ്രതികൾക്കനുകൂലമായി മൊഴി നൽകിയത്. ഇതോടെ കേസിൽ കൂറുമാറിയവരുടെ എണ്ണം ആറായി. കേസിലെ അറുപതാം സാക്ഷിയാണ് ശരണ്യ. പ്രജികുമാറിന്റെ താമരശേരിയിലെ ജ്വല്ലറിയിൽ നിന്നും സയനെയ്ഡ് കണ്ടെടുത്തതിന്റെ സാക്ഷിയാണ് ശരണ്യ. കേസിലെ രണ്ടാം പ്രതിയായ മാത്യു ഭർത്താവിന്റെ സുഹൃത്താണെന്ന് ശരണ്യ മൊഴി നൽകിയിട്ടുണ്ട്. പ്രജീഷ് സ്വർണ്ണപ്പണിക്കായി സയനെയ്ഡ് ഉപയോഗിച്ചിരുന്നെന്നും ഇവർ മൊഴി നൽകിയിരുന്നു.
2002 മുതൽ 2016 വരെയുള്ള കാലയളവിലായി ഒരു കുടുംബത്തിലെ ആറ് പേരാണ് ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ടത്. സാധാരണ മരണങ്ങളെന്ന് വിധിയെഴുതിയെങ്കിലും റോയിയുടെ മരണത്തിൽ പിന്നീട് സഹോദരങ്ങൾക്ക് തോന്നിയ സംശയമാണ് കൂട്ടക്കൊലപാതകത്തിന്റെ ചുരുളഴിക്കുന്നത്.
റിട്ട. അദ്ധ്യാപികയായ അന്നമ്മ തോമസിന്റെ മരണം ആയിരുന്നു കൊലപാതക പരമ്പരയിൽ ആദ്യത്തേത്. ആട്ടിൻ സൂപ്പ് കഴിച്ചതിന് പിന്നാലെ അന്നമ്മ കുഴഞ്ഞു വീണ് മരിക്കുകയായിരുന്നു. ഇതിന് ശേഷം അന്നമ്മയുടെ ഭർത്താവ് ടോം തോമസ്, മകൻ റോയ് തോമസ് എന്നിവരും സമാന സാഹചര്യത്തിൽ മരിച്ചു. പിന്നാലെ അന്നമ്മയുടെ സഹോദരൻ എം.എം മാത്യു, ടോം തോമസിന്റെ സഹോദരന്റെ മകൻ ഷാജുവിന്റെ ഒരു വയസ്സുള്ള മകൾ ആൽഫൈൻ, ഷാജുവിന്റെ ഭാര്യ ഫിലി എന്നിവരും മരിച്ചു. പിന്നീട് റോയ് തോമസിന്റെ മരണത്തിൽ സഹോദരങ്ങൾ നൽകിയ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മരണങ്ങളുടെ പിന്നിൽ ജോളിയാണെന്ന് കണ്ടെത്തിയത്.
കഴിഞ്ഞ ദിവസം, കേസിൽ നിന്ന് കുറ്റവിമുക്തയാക്കണമെന്ന പ്രതി ജോളിയുടെ ഹർജി മൂന്നാഴ്ച കഴിഞ്ഞ് പരിഗണിക്കാൻ സുപ്രീം കോടതി മാറ്റിയിരുന്നു.
Discussion about this post