സിംല: അയോദ്ധ്യ ശ്രീരാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങിൽ പങ്കെടുക്കുമെന്ന് അറിയിച്ച് ഹിമാചൽ മന്ത്രിയും കോൺഗ്രസ് നേതാവുമായ വിക്രമാദിത്യ സിംഗ്. ഹിമാചൽ മുൻ മുഖ്യമന്ത്രി വീരഭദ്ര സിംഗിന്റെ മകനാണ് വിക്രമാദിത്യ സിംഗ്. ചടങ്ങിൽ പങ്കെടുക്കുന്നത് പുത്ര ധർമ്മമെന്നാണ് വിക്രമാദിത്യ സിംഗ് പറഞ്ഞത്. രാമക്ഷേത്രത്തിന് വേണ്ടി പ്രവർത്തിച്ച വീരഭദ്ര സിംഗിന്റെ മകൻ എന്ന നിലയിൽ, ചടങ്ങിൽ പങ്കെടുക്കേണ്ടത് തന്റെ ധർമ്മമാണെന്നാണ് വിക്രമാദിത്യ സിംഗിന്റെ നിലപാട്. പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കുന്നില്ലെന്ന് കോൺഗ്രസ് പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെയാണ് പങ്കെടുക്കാനുള്ള അദ്ദേഹത്തിന്റെ തീരുമാനം.
ഞാൻ നേരത്തെ പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നു. അയോദ്ധ്യ സന്ദർശിക്കാൻ ഉദ്ദേശിക്കുന്നത് രാഷ്ട്രീയക്കാരൻ എന്ന നിലയിലല്ല, ശ്രീരാമന്റെ ഭക്തനായ പരേതനായ വീർഭദ്ര സിങ്ങിന്റെ മകനായാണ്. പങ്കെടുക്കുക എന്നത് അദ്ദേഹത്തിന്റെ മകനെന്ന നിലയിൽ എന്റെ ധാർമിക കടമയാണ്. ഈ പുത്രധർമം (മകന്റെ കടമ) എനിക്കെങ്ങനെ നിരസിക്കാൻ കഴിയും. ഞാൻ എന്റെ കാഴ്ചപ്പാട് മുതിർന്ന പാർട്ടി നേതാക്കളെ അറിയിച്ചിട്ടുണ്ട്. ക്ഷണം ലഭിച്ചത് ഞാനെന്ന വ്യക്തിക്കല്ല. എന്റെ പിതാവിനോടുള്ള ബഹുമാനം കൊണ്ടാണ്. അദ്ദേഹം രാമജന്മഭൂമി പ്രക്ഷോഭത്തിൽ പങ്കെടുത്തിരുന്നു. ഞാൻ ആർഎസ്എസിന്റെയും ബിജെപിയുടെ പ്രത്യയശാസ്ത്രത്തെ എതിർക്കുന്നു. കോൺഗ്രസിന്റെ പ്രത്യയശാസ്ത്രത്തോട് കൂറുള്ള, വിശ്വസ്തനായ പ്രവർത്തകനാണ്” – അദ്ദേഹം പറഞ്ഞു.
നേരത്തെ ചടങ്ങിലേക്ക് ക്ഷണിച്ചതിന് ആർഎസ്എസിനും വിശ്വഹിന്ദുപരിഷത്തിനും മന്ത്രി നന്ദി പറഞ്ഞിരുന്നു. ഹിമാചലിലെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ് വിക്രമാദിത്യ സിംഗ്.
Discussion about this post