തിരുവനന്തപുരം : വീടുപണിക്കും മറ്റുമായി തേക്ക് ആവശ്യമാണെങ്കിൽ വാങ്ങാൻ ഇതാ ഒരു സുവർണ്ണ അവസരം. ഈ ജനുവരി 25 മുതൽ കേരള വനം വകുപ്പ് തേക്ക് തടികളുടെ വിൽപ്പന നടത്തുന്നതായിരിക്കും. ഗാർഹിക ആവശ്യങ്ങൾക്കുള്ള തേക്ക് തടി മാത്രമായിരിക്കും വില്പന നടത്തുന്നത്.
തിരുവനന്തപുരം തടി വില്പന ഡിവിഷന് കീഴിലുള്ള കുളത്തൂപ്പുഴ ഗവൺമെന്റ് തടി ഡിപ്പോയിൽ ആണ് ഗാർഹിക ആവശ്യങ്ങൾക്കായുള്ള തേക്ക് തടികളുടെ ചില്ലറ വില്പന നടത്തുന്നത്. ഒരാൾക്ക് പരമാവധി അഞ്ച് ക്യൂബിക് മീറ്റർ തേക്ക് തടി ആയിരിക്കും വനം വകുപ്പ് ഡിപ്പോയിൽ നിന്നും ലഭ്യമാകുക.
വനം വകുപ്പിന്റെ ഈ തേക്ക് തടികൾ വാങ്ങുന്നതിനായി വീട് നിർമ്മിക്കുന്നതിനായുള്ള അംഗീകരിച്ച പ്ലാൻ, അനുമതിപത്രം വീടിന്റെ സ്കെച്ച് എന്നിവയുടെ പകർപ്പും വാങ്ങുന്ന വ്യക്തിയുടെ തിരിച്ചറിയൽ കാർഡ്, പാൻ കാർഡ് എന്നിവയും സമർപ്പിക്കേണ്ടതാണ്. ജനുവരി 25 മുതലുള്ള എല്ലാ പ്രവൃത്തി ദിവസങ്ങളിലും കുളത്തൂപ്പുഴ ഗവൺമെന്റ് തടി ഡിപ്പോയിൽ നിന്നും ആവശ്യമായ രേഖകളുമായെത്തി നേരിട്ട് തേക്ക് തടി വാങ്ങാൻ കഴിയുന്നതാണ്.









