ന്യൂഡൽഹി: ഭീകരതയോട് വിട്ടുവീഴ്ചയില്ലെന്ന് ആവർത്തിച്ച് ഭാരതം. ഇറാൻ സ്വയരക്ഷയ്ക്കായി നടത്തിയ പ്രതിരോധത്തെ മനസിലാക്കുന്നുണ്ടെന്നും ഇന്ത്യൻ വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. പാകിസ്താനിലെ തീവ്രവാദകേന്ദ്രങ്ങളിലേക്കുള്ള മിസൈൽ ആക്രമണത്തിലാണ് ഇന്ത്യയുടെ പ്രതികരണം. വിദേശകാര്യവക്താവ് രൺധീർ ജയ്സ്വാൾ ആണ് ഇന്ത്യയുടെ നിലപാട് വ്യക്തമാക്കിയത്.
ഇത് ഇറാനും പാകിസ്താനും തമ്മിലുള്ള പ്രശ്നമാണെന്നും ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഭീകരവാദത്തോടെ ഒരു വിട്ടുവീഴ്ചയുമില്ലാത്ത നിലപാടാണ് ഉള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യങ്ങൾ അവരുടെ സ്വയരക്ഷയ്ക്കായി സ്വീകരിക്കുന്ന നടപടികൾ ഇന്ത്യയ്ക്ക് മനസിലാവുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പാകിസ്താൻ പ്രദേശത്തെ ബലൂചി ഗ്രൂപ്പായ ജെയ്ഷ് അൽ-അദ്ലിന്റെ ആസ്ഥാനത്തിന് നേരെ നടത്തിയ ആക്രമണത്തിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് ടെഹ്റാന് മുന്നറിയിപ്പ് നൽകിയതിന് തൊട്ടുപിന്നാലെ വ്യാഴാഴ്ച ഇറാനിലെ തീവ്രവാദ കേന്ദ്രങ്ങൾക്ക് നേരെ പാകിസ്താനും ആക്രമണം നടത്തിയിരുന്നു. ഇറാൻ തങ്ങളുടെ വ്യോമാതിർത്തി ലംഘിച്ചതിനെ അപലപിച്ച പാകിസ്ഥാൻ, ഇത്തരം നടപടികൾ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് അയൽ രാജ്യത്തിന് മുന്നറിയിപ്പ് നൽകി.
Discussion about this post