തിരുവനന്തപുരം: തനിക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച ലോകായുക്തയ്‌ക്കെതിരെ പരോക്ഷ വിമര്‍ശനവുമായി ഡിജിപി ജേക്കബ് തോമസ്. കര്‍ണാടകയിലെ ലോകായുക്ത അഴിമതിയില്‍ പെട്ടത് അറിയാം. കേരളത്തിലെ ലോകായുക്തയെ കുറിച്ച് ഇപ്പോള്‍ ഒന്നും പറയുന്നില്ല, പറഞ്ഞാല്‍ അത് വിവാദമാവുമെന്നും അദ്ദേഹം പറഞ്ഞു.
ജേക്കബ് തോമസിനെതിരെ പ്രാഥമിക അന്വേഷണം നടത്തണമെന്ന് ലോകായുക്ത ഉത്തരവിട്ടതിനു പിന്നാലെയാണ് ജേക്കബ് തോമസിന്റെ പ്രതികരണം. ജേക്കബ് തോമസും, ഭാര്യയും കര്‍ണാടകയില്‍ റിസര്‍വ് വനം കൈയേറിയെന്ന പരാതിയിന്മേലാണ് ലോകായുക്തയുടെ നടപടി.
പൊതുപ്രവര്‍ത്തകന്‍ നല്‍കിയ പരാതിയില്‍ ജേക്കബ് തോമസ് അധികാര ദുര്‍വിനിയോഗം നടത്തിയെന്നും, ഫിഷറീസ്-തുറമുഖ വകുപ്പിന്റെ ചുമതലയില്‍ ഇരിക്കവെ അനധികൃതമായി ഉപകരണങ്ങള്‍ വാങ്ങിക്കൂട്ടി എന്നും ആരോപിക്കുന്നു. ഈ വിഷയത്തിന്‍മേല്‍ വിജിലന്‍സ് രഹസ്യപരിശോധന നടത്തിയുണ്ടോ എന്നും, ഉണ്ടെങ്കില്‍ അത് ഹാജരാക്കണമെന്നും ലോകായുക്ത നിര്‍ദേശിച്ചു.
കൂടാതെ വിജിലന്‍സ് ഡയറക്റ്റര്‍ നേരിട്ട് ഹാജരാകുവാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Discussion about this post