എറണാകുളം : ജാമ്യം നൽകണമെന്ന് ആവശ്യപ്പെട്ട് കൂടത്തായി കൊലപാതക പരമ്പര കേസിലെ മുഖ്യപ്രതി ജോളി നൽകിയ ഹർജി ഹൈക്കോടതി തള്ളി. കേസിൽ ശാസ്ത്രീയ തെളിവുകളുടെ അഭാവം ഉണ്ടെന്നും പൊളി തനിക്കെതിരെ അയച്ചുകൊണ്ടിരിക്കുന്ന ആരോപണങ്ങൾ നിലനിൽക്കില്ലെന്നും കാണിച്ചാണ് ജോളി ഹൈക്കോടതിയിൽ ജാമ്യ ഹർജി നൽകിയിരുന്നത്.
കേസ് പരിഗണിച്ച ഹൈക്കോടതി ജസ്റ്റിസ് സി എസ് ഡയസ് ആണ് ജോളിയുടെ ഹർജി തള്ളിയത്. ആരോപണങ്ങൾ നിലനിൽക്കില്ലെന്ന ജോളിയുടെ വാദം കോടതി തള്ളി. ജോളി പുറത്തിറങ്ങിയാൽ സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. കേസിന്റെ വിചാരണ നടപടികൾ ആരംഭിക്കുമ്പോൾ സെഷൻസ് കോടതിക്ക് നീതിപൂർവ്വമായ തീരുമാനമെടുക്കാം എന്നും ഇപ്പോൾ ജാമ്യം നൽകാൻ ആവില്ല എന്നുമാണ് കോടതി വ്യക്തമാക്കിയത്.
ഭർത്താവിന്റെ കുടുംബത്തിലെ ആറുപേരെ കൊലപ്പെടുത്തിയ കേസിലാണ് ജോളി ജോസഫ് ജാമ്യത്തിനായി അപേക്ഷിച്ചിരുന്നത്. 2002 മുതൽ 2016 വരെയുള്ള കാലഘട്ടത്തിലായിരുന്നു കോഴിക്കോട് ജില്ലയിലെ കൂടത്തായിലെ പൊന്നാമറ്റം കുടുംബത്തിലെ ആറുപേരെ ജോളി കൊലപ്പെടുത്തിയത്. ഭർത്താവ് റോയ് തോമസ്, അദ്ദേഹത്തിന്റെ പിതാവ് ടോം തോമസ്, ഭർതൃ മാതാവ് അന്നമ്മ തോമസ്, അമ്മാവൻ മാത്യു, ഭർതൃപിതാവിന്റെ സഹോദര പുത്രനും ജോളിയുടെ രണ്ടാം ഭർത്താവുമായ ഷാജുവിന്റെ ഭാര്യ സിലി, മകൾ രണ്ടു വയസ്സുകാരിയായ ആൽഫൈൻ എന്നിവരെയാണ് ജോളി ഭക്ഷണത്തിൽ സയനൈഡ് കലർത്തി നൽകി കൊലപ്പെടുത്തിയത്.
Discussion about this post