റാഞ്ചി: തന്റെ പ്രതിച്ഛായ തകർക്കുന്ന നീക്കങ്ങളാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തുന്നതെന്ന ആരോപണവുമായി ഝാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഹേമന്ത് സോറൻ. തനിക്കെതിരെ ഒരു തെളിവുമില്ല. കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ഒരു ബന്ധവുമില്ലെന്നും അറസ്റ്റിന് പിന്നാലെ ഹേമന്ത് സോറൻ പുറത്തുവിട്ട വീഡിയോ സന്ദേശത്തിൽ പറഞ്ഞു. അറസ്റ്റിന് മുൻപ് സോറൻ ചിത്രീകരിച്ച വീഡിയോ ആണ് ഇപ്പോൾ പുറത്തുവന്നത്.
‘ഒരുപക്ഷേ, ഇഡി ഇന്ന് എന്നെ അറസ്റ്റ് ചെയ്‌തേക്കും. ഞാൻ ഷിബു സോറന്റെ മകനാണ്. അതുകൊണ്ട് തന്നെ എനിക്ക് ഭയമില്ല. ഒരു ദിവസം മുഴുവൻ ചോദ്യം ചെയ്തതിന് പിന്നാലെ, ഞാനുമായി ഒരു ബന്ധവുമില്ലാത്ത കാര്യത്തിന് എന്നെ അറസ്റ്റ് ചെയ്യാൻ പോകുകയാണ്. ഇത് ആസൂത്രിതമാണ്’ – സോറൻ വീഡിയോയിൽ ആരോപിച്ചു.
ഇതുവരെ ഒരു തെളിവും അവർക്ക് കണ്ടെത്താനായിട്ടില്ല. ഡൽഹിയിലെ എന്റെ വസതിയിൽ റെയ്ഡുകൾ നടത്തി എന്റെ പ്രതിച്ഛായ തകർക്കാനും അവർ ശ്രമിച്ചു. പോരാട്ടം ഞങ്ങളുടെ രക്തത്തിലുണ്ട്. ഞങ്ങളതു ചെയ്യും. അവസാനം സത്യം ജയിക്കും. ഈ പോരാട്ടത്തിൽ ഞങ്ങൾ ജയിക്കുമെന്നും സോറൻ വ്യക്തമാക്കി.
നാടകീയ സംഭവങ്ങൾക്കൊടുവിലാണ് ഇന്നലെ ഹേമന്ത് സോറൻ അറസ്റ്റിലായത്. കസ്റ്റഡിയിയിൽ എടുത്തതിന് തൊട്ടുപിന്നാലെ് ഇഡി നടപടി ക്രമങ്ങൾ പൂർത്തിയാക്കി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ഭൂമി തട്ടിപ്പിൽ ലഭിച്ച കള്ളപ്പണം വെളുപ്പിച്ചതിനാണ് ഹേമന്ത് സോറനെതിരെ നടപടി സ്വീകരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് സോറന്റെ വീട്ടിലെത്തി ഇഡി മണിക്കൂറുകളോളം ചോദ്യം ചെയ്തിരുന്നു. ഇതിൽ നിന്നും നിർണായക വിവരങ്ങൾ ലഭിച്ചതോടെയായിരുന്നു അറസ്റ്റ്. കേസിൽ നിരവധി തവണ ചോദ്യം ചെയ്യലിനായി ഇഡി നോട്ടീസ് നൽകിയിരുന്നു. എന്നാൽ ഇതിൽ നിന്നെല്ലാം അദ്ദേഹം ഒഴിഞ്ഞുമാറി. ഇതിനിടെ കഴിഞ്ഞ ദിവസം ഹാജരാകാൻ ഇഡി കർശന നിർദ്ദേശം നൽകുകയായിരുന്നു.
Discussion about this post