എറണാകുളം : കുസാറ്റ് ദുരന്തത്തിന്റെ മുഴുവൻ ഉത്തരവാദിത്വവും മുൻ പ്രിൻസിപ്പലിനാണെന്ന് സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചു. പരിപാടി നടത്തിപ്പിന്റെ എല്ലാ ഉത്തരവാദിത്തങ്ങളും കുട്ടികളെ ഏൽപ്പിച്ചതാണ് ദുരന്തത്തിന് കാരണമായത് എന്നാണ് സർക്കാർ കോടതിയിൽ വ്യക്തമാക്കിയത്. ഓഡിറ്റോറിയത്തിൽ ഉൾക്കൊള്ളാൻ കഴിയുന്നതിലും കൂടുതൽ ആളുകൾ എത്തിച്ചേർന്നതാണ് ദുരന്തത്തിന്റെ വ്യാപ്തി വർദ്ധിക്കാൻ കാരണമായതെന്നാണ് പോലീസ് കോടതിയിൽ റിപ്പോർട്ട് നൽകിയിട്ടുള്ളത്.
ആയിരം പേരെ മാത്രം ഉൾക്കൊള്ളാൻ കഴിയുന്ന ഓഡിറ്റോറിയത്തിൽ ആയിരുന്നു കുസാറ്റിലെ സംഗീത പരിപാടി നടന്നത്. എന്നാൽ ദുരന്തസമയത്ത് 4000 ത്തോളം ആളുകൾ ആയിരുന്നു ഇവിടെ ഉണ്ടായിരുന്നത്. സംഗീത പരിപാടി കാണാനായി കുസാറ്റിനു പുറത്തുനിന്നും ആളുകൾ എത്തിച്ചേർന്നിരുന്നു. ഇത്രയും ആളുകൾ വരും എന്ന കാര്യം മുൻകൂട്ടി കാണാനോ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനോ സംഘാടകർക്ക് കഴിയാതിരുന്നതാണ് കുസാറ്റ് ദുരന്തത്തിന് കാരണമായതെന്നാണ് പോലീസ് കോടതിയിൽ വ്യക്തമാക്കിയിട്ടുള്ളത്.
കുസാറ്റ് ദുരന്തത്തിന് കാരണം മുൻ പ്രിൻസിപ്പൽ മാത്രമല്ല രജിസ്ട്രാറും വൈസ് ചാൻസലറും കൂടിയാണെന്ന് കെഎസ്‌യു ആരോപിച്ചു. പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് മുൻ പ്രിൻസിപ്പാൾ നൽകിയ കത്തിൽ രജിസ്റ്റർ എന്ത് നടപടിയാണ് സ്വീകരിച്ചിട്ടുള്ളത് എന്ന് അറിയിക്കാൻ കോടതി നിർദ്ദേശിച്ചിട്ടുണ്ട്. സർവകലാശാല ഇത് സംബന്ധിച്ച സത്യവാങ്മൂലം സമർപ്പിക്കണമെന്നും കോടതി നിർദേശം നൽകി.
Discussion about this post