ബെയ്റൂട്ട് : ലെബനനിൽ ഇസ്രായേൽ ഡ്രോൺ ആക്രമണം നടത്തിയതായി റിപ്പോർട്ട്. ഡ്രോൺ ആക്രമണത്തെ തുടർന്ന് ഏഴ് ഹിസ്ബുള്ള ഭീകരർ കൊല്ലപ്പെട്ടു. തെക്കൻ ലെബനനിൽ ശനിയാഴ്ച രാവിലെയാണ് ഇസ്രായേൽ ഡ്രോൺ ആക്രമണം ഉണ്ടായത്. കാറിൽ സഞ്ചരിക്കുകയായിരുന്ന മൂന്ന് ഹിസ്ബുള്ള ഭീകരർ ആണ് ആദ്യ ആക്രമണത്തിൽ കൊല്ലപ്പെട്ടത്..
ആദ്യ ആക്രമണത്തിന് ശേഷം റാമിയ പട്ടണത്തിലെ ഒരു വീടിനുനേരെ ഇസ്രായേൽ നടത്തിയ ഡ്രോൺ ആക്രമണത്തിൽ നാല് ഹിസ്ബുള്ള അംഗങ്ങൾ കൊല്ലപ്പെട്ടതായി ലെബനൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഹിസ്ബുള്ളയുടെ കീഴിൽ പ്രവർത്തിക്കുന്ന ഇമാം ഹുസൈൻ ഡിവിഷനു കീഴിലുള്ള ഭീകരരാണ് കൊല്ലപ്പെട്ടത്.
ഗാസയിൽ ഹമാസിനെതിരെ ഇസ്രായേൽ യുദ്ധം ആരംഭിച്ചത് മുതൽ ലെബനൻ ഭീകരവാദി ഗ്രൂപ്പായ ഹിസ്ബുള്ള ഇസ്രായേലിനെതിരെ ആക്രമണം നടത്തുന്നുണ്ട്. ലെബനൻ-ഇസ്രായേൽ അതിർത്തിയിൽ ഇസ്രായേൽ സേനയുമായി ഹിസ്ബുള്ള ഭീകരർ ദിവസേന വെടിവയ്പ്പ് നടത്തുന്നതായി റിപ്പോർട്ടുകൾ ഉണ്ട്. ഹിസ്ബുള്ള ആക്രമണത്തിൽ ഇസ്രായേലിൽ ഇതുവരെ 9 സൈനികർ കൊല്ലപ്പെട്ടതായി ഇസ്രായേൽ നേരത്തെ വ്യക്തമാക്കിയിരുന്നു.
ഈ ഭീകരാക്രമണങ്ങൾക്ക് പകരമായാണ് ഇസ്രായേൽ സൈന്യം ലെബനനിൽ ഡ്രോൺ ആക്രമണം നടത്തിയത്. അതിർത്തിയിൽ ഹിസ്ബുള്ളയും ഇസ്രായേൽ സൈന്യവുമായി നടക്കുന്ന പോരാട്ടത്തിൽ ഇതുവരെ 200ലേറെ ഹിസ്ബുള്ള ഭീകരരാണ് കൊല്ലപ്പെട്ടിട്ടുള്ളത്.
Discussion about this post