ബംഗളൂരു : കർണാടക സർക്കാരിന് ഇ-മെയിൽ വഴി ബോംബ് ഭീഷണി. ശനിയാഴ്ച ബംഗളൂരുവിൽ സ്ഫോടനമുണ്ടാകുമെന്നാണ് മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. തിങ്കളാഴ്ച ആയിരുന്നു സർക്കാരിന് ഈ ഇ-മെയിൽ സന്ദേശം ലഭിച്ചത്. സംഭവത്തിൽ കർണാടക പോലീസ് സ്വമേധയാ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വരുന്ന ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2.48ന് ബംഗളൂരു നഗരത്തെ കുലുക്കി കൊണ്ട് ഒരു സ്ഫോടനം നടക്കും എന്നാണ് സന്ദേശത്തിൽ അറിയിച്ചിട്ടുള്ളത്. ഷാഹിദ് ഖാൻ എന്ന വ്യക്തിയുടെ പേരിലാണ് ഇ-മെയിൽ സന്ദേശം ലഭിച്ചിട്ടുള്ളത്. മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ, ആഭ്യന്തര മന്ത്രി, ബെംഗളൂരു പോലീസ് കമ്മീഷണർ എന്നിവർക്കെല്ലാം ഈ ഇ-മെയിൽ സന്ദേശം ലഭിച്ചിട്ടുണ്ട്.
റെസ്റ്റോറൻ്റുകൾ, ക്ഷേത്രങ്ങൾ, ബസുകൾ, ട്രെയിനുകൾ തുടങ്ങിയ തിരക്കേറിയ സ്ഥലങ്ങളിൽ ആയിരിക്കും സ്ഫോടനം നടത്തുക എന്നാണ് സന്ദേശത്തിൽ പറയുന്നത്. ബോംബ് സ്ഫോടനം ഒഴിവാക്കണമെങ്കിൽ 2.5 മില്യൺ ഡോളർ നൽകണമെന്നും ഇ-മെയിൽ സന്ദേശത്തിൽ ആവശ്യപ്പെടുന്നുണ്ട്.
Discussion about this post