ന്യൂഡൽഹി: നികുതിവെട്ടിപ്പ് കേസിൽ വീണ്ടും തിരിച്ചടി നേരിട്ട് കോൺഗ്രസ്. ആദായ നികുതി വകുപ്പിന്റെ നടപടികൾ നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ അപേക്ഷ തള്ളി. ആദായ നികുതി അപ്പീൽ ട്രൈബ്യൂണലിന് മുൻപാകെ ഉന്നയിച്ച ആവശ്യമാണ് തള്ളിയത്.
ആദായ നികുതിവെട്ടിച്ചതായി കണ്ടെത്തിയതിനെ തുടർന്ന് കോൺഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകൾ ആദായ നികുതി വകുപ്പ് മരവിപ്പിച്ചിരുന്നു. ഇതിന് പിന്നാലെ 65 കോടി രൂപ കണ്ടുകെട്ടുകയും ചെയ്തിരുന്നു. ഈ നടപടി പിൻവലിക്കുകയും തുടർ നടപടികൾ നിർത്തിവയ്ക്കുകയും ചെയ്യണം എന്നാവശ്യപ്പെട്ടായിരുന്നു കോൺഗ്രസ് ട്രൈബ്യൂണലിനെ സമീപിച്ചത്. എന്നാൽ പാർട്ടിയുടെ കുറ്റം ഗൗരവമേറിയത് ആണെന്ന് ട്രൈബ്യൂണൽ നിരീക്ഷിച്ചു. ഇതോടെ അപേക്ഷ തള്ളുകയായിരുന്നു. ഇതേ തുടർന്ന് തുക പിടിച്ചെടുക്കുന്നതുൾപ്പെടെയുള്ള നടപടികൾ 10 ദിവസത്തേക്ക് നിർത്തിവയ്ക്കണം എന്ന് പാർട്ടി ആവശ്യപ്പെട്ടു. എന്നാൽ ഈ ആവശ്യവും ട്രൈബ്യൂണൽ തള്ളുകയായിരുന്നു. വിഷയത്തിൽ ഹൈക്കോടതിയെ സമീപിക്കേണ്ടതായുണ്ടെന്നും ഇതിനുള്ള സാവകാശം എന്നോണം 10 ദിവസത്തേക്ക് തുടർ നടപടികൾ നിർത്തിവയ്ക്കണം എന്നുമായിരുന്നു പാർട്ടിയുടെ ആവശ്യം.
2018- 19 കാലയളവിൽ നടത്തിയ ക്രമക്കേടിലാണ് ആദായനികുതി വകുപ്പ് ഇപ്പോൾ നടപടി സ്വീകരിച്ചിട്ടുള്ളത്. 103 കോടി രൂപയാണ് വെട്ടിച്ചത് എന്നാണ് റിപ്പോർട്ട്. ഇത് പിഴയും ചേർത്ത് 135 കോടി രൂപയായി എന്നും ആദായ നികുതി വകുപ്പ് വ്യക്തമാക്കുന്നു. ഈ തുക ഈടാക്കാനെന്ന നിലയ്ക്കാണ് 65 കോടി പിടിച്ചെടുത്തത്. കഴിഞ്ഞ മാസം 16 നായിരുന്നു ആദായ നികുതി വകുപ്പ് കോൺഗ്രസിന്റെ പ്രധാന ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചത്.
Discussion about this post