ചെന്നൈ : ബസിന്റെ ഫുട്ബോർഡിൽ നിന്നുകൊണ്ട് യാത്ര ചെയ്തിരുന്ന വിദ്യാർത്ഥികൾ റോഡിലേക്ക് തെറിച്ചുവീണ് അപകടം. ബസിന് പുറകെ വന്നിരുന്ന കണ്ടെയ്നർ ലോറി കയറിയിറങ്ങി നാലു വിദ്യാർത്ഥികൾ മരണപ്പെട്ടു. ചെന്നൈ-തിരുച്ചിറപ്പള്ളി ദേശീയപാതയിലാണ് അപകടം നടന്നത്. സംഭവത്തിൽ മറ്റ് അഞ്ചുപേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.
ചെന്നൈ-തിരുച്ചിറപ്പള്ളി ദേശീയപാതയിൽ ചെങ്കൽപേട്ടിൽ വച്ചാണ് അപകടമുണ്ടായത്. ബസ് ഒരു ലോറിയെ ഓവർടേക്ക് ചെയ്യുന്നതിനിടെ വാഹനം തട്ടിയപ്പോൾ പെട്ടെന്ന് വെട്ടിച്ചു മാറ്റാൻ ശ്രമിക്കുന്നതിനിടയിൽ ആയിരുന്നു ഫുട്ബോർഡിൽ നിന്നുകൊണ്ട് യാത്ര ചെയ്തിരുന്ന കോളേജ് വിദ്യാർത്ഥികൾ റോഡിലേക്ക് തെറിച്ചു വീണത്. പുറകെ വന്നിരുന്ന കണ്ടെയ്നർ ലോറി ഇവരുടെ ദേഹത്ത് കൂടെ കയറിയിറങ്ങുകയായിരുന്നു.
മോനിഷ്, കമലേഷ്, ധനുഷ് എന്നീ വിദ്യാർത്ഥികൾ അപകട സ്ഥലത്ത് വച്ചും രഞ്ജിത്ത് എന്ന മറ്റൊരു വിദ്യാർത്ഥി ആശുപത്രിയിൽ വച്ചുമാണ് മരിച്ചത്. ചെന്നൈയിൽ ഇത്തരത്തിൽ ഫുട്ബോർഡിൽ നിന്നുകൊണ്ട് യാത്ര ചെയ്യുന്നതിനിടയിൽ റോഡിലേക്ക് തെറിച്ചുവീണു അപകടമുണ്ടാവുന്നത് പതിവായിരിക്കുകയാണ്. കഴിഞ്ഞവർഷവും മൂന്നു വിദ്യാർത്ഥികൾ ഇത്തരത്തിൽ ഉണ്ടായ അപകടത്തിൽ മരിച്ചിരുന്നു.








