ടെൽ അവീവ് : അമേരിക്ക തങ്ങളുടെ അത്യാധുനിക അഞ്ചാം തലമുറ യുദ്ധവിമാനങ്ങളായ എഫ്-35 തുർക്കിക്ക് കൈമാറാൻ ഒരുങ്ങുന്നതിനെതിരെ കടുത്ത അതൃപ്തിയും ആശങ്കയും പരസ്യമാക്കി ഇസ്രായേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു . തുർക്കിയിലെ അങ്കാറയിൽ വെച്ച് നടക്കുന്ന നാറ്റോ ഉച്ചകോടിക്കിടെ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, തുർക്കിക്ക് മേൽ മുൻപ് ചുമത്തിയിരുന്ന സാമ്പത്തിക ഉപരോധങ്ങൾ നീക്കുമെന്നും എഫ്-35 യുദ്ധവിമാന പദ്ധതിയിലേക്ക് അവരെ വീണ്ടും പരിഗണിക്കുന്നത് ആലോചനയിലുണ്ടെന്നും പ്രഖ്യാപിച്ചതാണ് ഇസ്രായേലിനെ പ്രകോപിപ്പിച്ചത്. അമേരിക്കയുടെ ഈ നീക്കം പശ്ചിമേഷ്യയിലെ തന്ത്രപ്രധാനമായ സൈനിക സന്തുലിതാവസ്ഥയെ അട്ടിമറിക്കുമെന്നും മേഖലയിൽ ഇസ്രായേലിനുള്ള വ്യോമമേധാവിത്വത്തിന് വലിയ ഭീഷണിയാകുമെന്നും നെതന്യാഹു കടുത്ത ഭാഷയിൽ മുന്നറിയിപ്പ് നൽകി. തുർക്കിക്ക് ഇത്തരം അത്യാധുനിക ആയുധ സാങ്കേതികവിദ്യകളോ യുദ്ധവിമാനങ്ങളുടെ എൻജിനുകളോ നൽകുന്നത് വലിയൊരു തെറ്റായിരിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി.
തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എർദോഗൻ ഇസ്രായേലിന്റെ പൂർണ്ണമായ നാശത്തിനായി പരസ്യമായി ആഹ്വാനം ചെയ്യുന്ന നേതാവാണെന്നാണ് നെതന്യാഹുവിന്റെ പ്രധാന ആരോപണം. തുർക്കി ഭരണം നിലവിൽ തീവ്ര ചിന്താഗതിയുള്ള മുസ്‌ലിം ബ്രദർഹുഡ് പ്രസ്ഥാനത്തിന്റെ സ്വാധീനത്തിലാണെന്നും, അവർ അമേരിക്കയെ വെറുക്കുകയും ഇസ്രായേലിന്റെ തകർച്ച ആഗ്രഹിക്കുകയും ചെയ്യുന്നവരാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കഴിഞ്ഞ ദിവസങ്ങളിൽ തുർക്കി വിദേശകാര്യ മന്ത്രി ഹകൻ ഫിദാൻ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ ഇസ്രായേലിനെ മനുഷ്യരാശിക്ക് തന്നെ ഭാരമാണെന്ന് വിശേഷിപ്പിച്ചിരുന്നു. ഇത്തരം പ്രകോപനപരമായ നിലപാടുകൾ സ്വീകരിക്കുന്ന ഒരു രാജ്യത്തിന് അത്യാധുനിക യുദ്ധവിമാനങ്ങൾ നൽകുന്നത് അപകടകരമാണെന്ന് ഇസ്രായേൽ ചൂണ്ടിക്കാണിക്കുന്നു. കൂടാതെ ഗ്രീസ്, സൈപ്രസ് തുടങ്ങിയ മറ്റ് നാറ്റോ സഖ്യകക്ഷികളെ തുർക്കി നിരന്തരം ഭീഷണിപ്പെടുത്തുന്ന കാര്യവും നെതന്യാഹു ഓർമ്മിപ്പിച്ചു.
റഷ്യയിൽ നിന്ന് എസ്-400 (S-400) മിസൈൽ പ്രതിരോധ സംവിധാനം വാങ്ങിയതിനെത്തുടർന്നാണ് 2019-ൽ അമേരിക്ക തുർക്കിയെ എഫ്-35 സംയുക്ത വിമാന നിർമ്മാണ പദ്ധതിയിൽ നിന്ന് പുറത്താക്കിയത്. എന്നാൽ നിലവിലെ ആഗോള രാഷ്ട്രീയ സാഹചര്യത്തിൽ തുർക്കിയുടെ നിലപാടുകൾക്ക് മാറ്റം വന്നിട്ടുണ്ടെന്നാണ് അമേരിക്കയുടെ വിലയിരുത്തൽ. ഇറാനുമായുള്ള യുദ്ധത്തിലും ഹമാസുമായുള്ള വെടിനിർത്തൽ ചർച്ചകളിലും തടവുകാരെ മോചിപ്പിക്കുന്നതിലും തുർക്കി മികച്ച മധ്യസ്ഥ പങ്ക് വഹിച്ചതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രശംസിച്ചു. മറ്റു പല സഖ്യകക്ഷികളെക്കാളും വിശ്വസ്തത തുർക്കി കാണിച്ചുവെന്നും അതുകൊണ്ട് തന്നെ അവരെ എഫ്-35 പദ്ധതിയിലേക്ക് തിരികെ കൊണ്ടുവരുന്നത് പരിഗണിക്കുമെന്നുമാണ് ട്രംപ് വ്യക്തമാക്കിയിരിക്കുന്നത്.








