പത്തനംതിട്ട : ലോക്സഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ എഐസിസി ആസ്ഥാനം പൂട്ടേണ്ട അവസ്ഥയാകുമെന്ന് പത്മജ വേണുഗോപാൽ. ഇന്നത്തെ കാലത്ത് ജനങ്ങൾ പാർട്ടിയെ അല്ല വലുതായി കരുതുന്നത്. എത്രത്തോളം വികസന പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട് എന്നാണ് അവർ നോക്കുന്നത്. പല കാര്യങ്ങളും വെച്ചു നോക്കുമ്പോൾ കോൺഗ്രസ് നശിച്ചു കഴിഞ്ഞു എന്ന കാര്യം അടുത്ത കാലത്താണ് വ്യക്തമായത് എന്നും പത്മജ വേണുഗോപാൽ അഭിപ്രായപ്പെട്ടു.
കെ മുരളീധരനും ഉടൻതന്നെ കോൺഗ്രസിൽ നിന്നും പുറത്തു വരേണ്ടി വരുമെന്നും പത്മജ സൂചിപ്പിച്ചു. ചേട്ടന് വേണ്ടി ഒരു പരവതാനി വിരിച്ചിട്ടാണ് ഞാൻ ബിജെപിയിലേക്ക് പോന്നത്. കോൺഗ്രസിൽ പണ്ട് നല്ല നേതാക്കൾ ഉണ്ടായിരുന്നു. എന്നാൽ പല കാലഘട്ടങ്ങളിലായി അവരെല്ലാം കൊഴിഞ്ഞു പോയി. ഇന്ന് കോൺഗ്രസിൽ പുരുഷാധിപത്യം മാത്രമാണ് ഉള്ളത്. സ്ത്രീകളെ അപമാനിക്കുകയും വേദനിപ്പിക്കുകയും ചെയ്യുന്ന പാർട്ടിയായി കോൺഗ്രസ് മാറി എന്നും പത്മജ അഭിപ്രായപ്പെട്ടു.
തനിക്ക് പിന്നാലെ ബിജെപിയിലേക്ക് വരാനായി കോൺഗ്രസിൽ നിരവധി പേർ കാത്തുനിൽക്കുന്നുണ്ടെന്നും പത്മജ സൂചിപ്പിച്ചു. കൃത്യമായ സമയം കാത്താണ് അവരെല്ലാം നിൽക്കുന്നത്. കേരളത്തിൽ ഇത്തവണ ബിജെപി അക്കൗണ്ട് തുറക്കും എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. എന്നാൽ എത്രയെണ്ണം എന്നതിൽ മാത്രമാണ് സംശയം ഉള്ളത്. ഇന്നത്തെ തലമുറ പഠനത്തിനായി പോലും കേരളത്തിൽ നിൽക്കുന്നില്ല. കാനഡയും മറ്റു വിദേശ രാജ്യങ്ങളും അന്വേഷിച്ചു പോവുകയാണ് അവർ. ഈ തെരഞ്ഞെടുപ്പോടുകൂടി കേരളത്തിൽ വലിയ മാറ്റം ഉണ്ടാകും എന്നും പത്മജ വ്യക്തമാക്കി.









