എറണാകുളം: മസാലബോണ്ട് കേസിൽ മുൻ ധനമന്ത്രി തോമസ് ഐസക് സമർപ്പിച്ച ഹർജി പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റിവച്ചു. ഈ മാസം 23 ലേക്കാണ് ഹർജി മാറ്റിയത്. ഇഡിയുടെ ആവശ്യപ്രകാരമായിരുന്നു കോടതി നടപടി.
ഹർജിയിൽ ഇന്ന് നിലപാട് അറിയിക്കാൻ കോടതി ഇഡിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ സാവകാശം വേണമെന്ന് ഇഡി അറിയിക്കുകയായിരുന്നു. ഇതേ തുടർന്നാണ് ഹർജി പരിഗണിക്കുന്നത് നീട്ടിയത്. ചോദ്യം ചെയ്യുന്നതിനായി ഇഡി നൽകിയ ഹർജി ചോദ്യം ചെയ്താണ് തോമസ് ഐസക് കോടതിയെ സമീപിച്ചത്.
കിഫ്ബി സമർപ്പിച്ച രേഖകൾ പരിശോധിച്ച ശേഷം തോമസ് ഐസകിന് ഇഡി വീണ്ടും നോട്ടീസ് നൽകിയിരുന്നു. ഇത് ചോദ്യം ചെയ്തായിരുന്നു തോമസ് ഐസക് കോടതിയെ സമീപിച്ചത്. തോമസ് ഐസകിനെ ചോദ്യം ചെയ്താൽ മാത്രമേ നിർണായക വിവരങ്ങൾ ലഭ്യമാകൂ എന്നാണ് ഇഡിയുടെ നിലപാട്. ഇക്കാരണത്താലാണ് കോടതിയുടെ പരിഗണനയിൽ ഹർജി നിലനിൽക്കേ വീണ്ടും നോട്ടീസ് അയച്ചത് എന്നും ഇഡി അറിയിച്ചു.
മസാലബോണ്ട് ഇറക്കാൻ തീരുമാനിച്ച വ്യക്തിയാണ് തോമസ് ഐസക്. അതിനാലാണ് അദ്ദേഹവും അന്വേഷണ പരിധിയിൽ വരുന്നതെന്നും ഇഡി വ്യക്തമാക്കിയിട്ടുണ്ട്. നേരത്തെ കേസിൽ കിഫ്ബി ഉദ്യോഗസ്ഥർ അന്വേഷണവുമായി സഹകരിച്ചതായി ഇഡി കോടതിയെ അറിയിച്ചിരുന്നു.
Discussion about this post