തിരുവനന്തപുരം : കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ബിജെപിക്ക് ഭരിക്കാനുള്ള അവസരം ഉണ്ടാക്കി കൊടുക്കുന്നത് കോൺഗ്രസ് ആണെന്ന് പിണറായി കുറ്റപ്പെടുത്തി. വിശ്വസിക്കാൻ കൊള്ളാത്ത വിഭാഗമാണ് കോൺഗ്രസ്. കഴിഞ്ഞ അഞ്ചുവർഷത്തെ അനുഭവം ഇത് തെളിയിച്ചിട്ടുള്ളതാണ് എന്നും പിണറായി വിജയൻ അഭിപ്രായപ്പെട്ടു,
“ആർഎസ്എസ് നിലപാട് അതുപോലെ ആവർത്തിക്കുന്ന കോൺഗ്രസ് നേതാക്കൾ ഉണ്ട്. ഇങ്ങനെ ആർഎസ്എസിന്റെ നിലപാടുകൾ ആവർത്തിക്കാൻ കോൺഗ്രസ് ശ്രമിച്ചതാണ് ബിജെപിക്ക് ഗുണമായത്. ഇപ്പോൾ ബിജെപി രാജ്യത്തെ നിയമ സംവിധാനങ്ങൾ എല്ലാം അട്ടിമറിക്കുകയാണ്. ജുഡീഷ്യറിയെ പോലും സ്വതന്ത്രമായി പ്രവർത്തിക്കാൻ അനുവദിക്കുന്നില്ല” എന്നും പിണറായി വിജയൻ കുറ്റപ്പെടുത്തി.
മുസ്ലിങ്ങളെ പൗരത്വത്തിൽ നിന്ന് ഒഴിവാക്കാനാണ് സിഎഎ നടപ്പിലാക്കുന്നത്. കേരളം ആദ്യഘട്ടത്തിൽ തന്നെ ഇതിനെതിരെ നിയമസഭയിൽ പ്രമേയം പാസാക്കിയിരുന്നു. എന്നാൽ അതിനെ പോലും കോൺഗ്രസ് പിന്നീട് തള്ളിപ്പറയുകയായിരുന്നു. ഡൽഹിയിൽ സിഎഎ പ്രതിഷേധം നടന്നപ്പോൾ ഒന്നും കോൺഗ്രസിനെ അവിടെ കണ്ടില്ല. ഇപ്പോൾ ചട്ടം വന്നപ്പോഴും കോൺഗ്രസ് അതിനെതിരെ പ്രതികരിച്ചിട്ടില്ല എന്നും പിണറായി വിജയൻ വിമർശനമുന്നയിച്ചു.








