ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള രണ്ടാം ട്വന്റി20 പോരാട്ടത്തിൽ ടോസ് നേടിയ വെസ്റ്റ് ഇൻഡീസ് ഇന്ത്യയെ ബാറ്റിംഗിനയച്ചു. എന്നാൽ വിമർശനങ്ങൾക്കും ട്രോളുകൾക്കും തകർപ്പൻ ബാറ്റിംഗ് വെടിക്കെട്ടിലൂടെ മറുപടി നൽകി മലയാളി താരം സഞ്ജു സാംസൺ വൻ തിരിച്ചുവരവ് നടത്തുന്ന കാഴ്ചയ്ക്കാണ് മത്സരം സാക്ഷ്യം വഹിക്കുന്നത്.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാൻ ഇറങ്ങിയ ഇന്ത്യയ്ക്ക് പവർപ്ലേയിൽ തന്നെ മികച്ച തുടക്കമാണ് സഞ്ജുവും അഭിഷേകും നൽകിയത്. അക്കീൽ ഹൊസൈൻ എറിഞ്ഞ നാലാം ഓവറിൽ തുടർച്ചയായ ബൗണ്ടറികളും സിക്സറുകളും പറത്തി സഞ്ജു മൈതാനത്ത് വിസ്മയം സൃഷ്ടിച്ചു. വെറും 21 പന്തിൽ നിന്ന് 6 ഫോറുകളും 3 കൂറ്റൻ സിക്സറുകളും അടക്കം 247.62 സ്ട്രൈക്ക് റേറ്റിൽ 52 റൺസുമായി സഞ്ജു അർദ്ധസെഞ്ചുറി പൂർത്തിയാക്കി ക്രീസിൽ ബാറ്റിംഗ് തുടരുകയാണ്.
കരിയറിലെ തന്നെ ഏറ്റവും നിർണായക പോരാട്ടത്തിന് ഇറങ്ങിയ സഞ്ജു തന്റെ വിശ്വരൂപം കാണിക്കുക ആയിരുന്നു. ക്ലാസ് എല്ലാ കാലവും നിലനിൽക്കും എന്ന് പറയുന്നത് പോലെ ആയിരുന്നു സഞ്ജു കളിച്ചത്. ഇത്രയും മോശം പ്രകടനങ്ങൾ ഈ നാളുകളിൽ ഉണ്ടായെങ്കിലും അതിന്റെ ഒരു സമ്മർദ്ദവും സഞ്ജുവിനെ ബാധിച്ചില്ല.
ഓപ്പണർ അഭിഷേക് ശർമ്മ 12 പന്തിൽ 20 റൺസെടുത്ത് റോസ്റ്റൺ ചേസിന് വിക്കറ്റ് നൽകി മടങ്ങിയെങ്കിലും ഇഷാൻ കിഷനെ (6*) കൂട്ടുപിടിച്ച് സഞ്ജു ഇന്ത്യൻ സ്കോർ ബോർഡ് അതിവേഗം ഉയർത്തി. പവർപ്ലേ പൂർത്തിയാകുമ്പോൾ 6 ഓവറിൽ 1 വിക്കറ്റ് നഷ്ടത്തിൽ 79 റൺസ് എന്ന ശക്തമായ നിലയിലാണ് ഇന്ത്യ.










