കോൺഗ്രസിന്റെയും ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെയും നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിഷേധ മാർച്ചിനിടെ അരങ്ങേറിയ നാടകീയ സംഭവങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. പ്രതിപക്ഷ സഖ്യം സംഘടിപ്പിച്ച വലിയ പ്രതിഷേധ പ്രകടനത്തിനിടയിലേക്ക് ഒളിച്ചുകടന്ന ബിജെപി പ്രവർത്തകൻ റാലിയിൽ പങ്കെടുത്തവർക്ക് ബിജെപിയുടെ കൊടികൾ വിതരണം ചെയ്യുകയായിരുന്നു. ഏതു പാർട്ടിക്ക് വേണ്ടിയാണ് പ്രതിഷേധം നടത്തുന്നത് എന്ന് പോലും നിശ്ചയമില്ലാത്ത പ്രതിഷേധക്കാർ ഈ കൊടികൾ കൈപ്പറ്റുകയും ഉയർത്തിപ്പിടിക്കുകയും ചെയ്തത് റാലിയുടെ സ്വഭാവത്തെ തന്നെ മാറ്റിമറിച്ചു.
മാർച്ചിന്റെ മുൻനിരയിൽ നിന്നവർ പോസ്റ്ററുകളും മുദ്രാവാക്യങ്ങളും വിളിക്കുന്നതിനിടെയാണ് യാതൊരു സംശയവും തോന്നാത്ത രീതിയിൽ ബിജെപി പ്രവർത്തകൻ കൊടികൾ കൈമാറിയത്. പ്രകടനത്തിന്റെ ആവേശത്തിൽ ബിജെപി കൊടിയാണ് തങ്ങൾ ഏന്തിയിരിക്കുന്നത് എന്ന് തിരിച്ചറിയാതെ പങ്കെടുത്തവർ അത് ആകാശത്തേക്ക് ഉയർത്തിപ്പിടിക്കുകയും വീശുകയും ചെയ്തു. പ്രതിപക്ഷ റാലി നിമിഷനേരം കൊണ്ട് ബിജെപിയുടെ പ്രകടനം പോലെയായി മാറിയ രംഗങ്ങൾ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ വൈറലായിട്ടുണ്ട്.
ഈ അപൂർവ്വ സംഭവം രാഷ്ട്രീയ വൃത്തങ്ങളിലും ജനങ്ങൾക്കിടയിലും വലിയ ചിരി പടർത്തുകയും വലിയ രീതിയിലുള്ള സംവാദങ്ങൾക്ക് വഴിവെക്കുകയും ചെയ്തു. ‘റാലി ചോരി’ എന്ന പേരിൽ ഈ വീഡിയോ ദൃശ്യങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. സംഘാടകരുടെ വീഴ്ചകളെക്കുറിച്ചും വലിയ വിമർശനങ്ങൾ പ്രതിപക്ഷ പാർട്ടികൾക്കെതിരെ ഉയരുന്നുണ്ട്.











