തൃശൂർ: വ്യക്തമായ രേഖകൾ ഹാജരാക്കാത്തതിന് സി.പി.എം തൃശൂർ ജില്ലാ കമ്മിറ്റിയുടെ പേരിലുള്ള ബാങ്ക് ഒഫ് ഇന്ത്യയിലെ 9.5 കോടിയുടെ നാല് അക്കൗണ്ടുകൾ മരവിപ്പിച്ച് ആദായനികുതി വകുപ്പ് . വിവിധ ആവശ്യങ്ങൾക്കായി ആരംഭിച്ച ഈ അക്കൗണ്ടുകളിൽ ഒരു കോടിയുടെ സ്ഥിര നിക്ഷേപമടക്കം 10.5 കോടിയാണ് ഉണ്ടായിരുന്നത്. ഈ മാസം രണ്ടിന് ഒരു കോടി രൂപ ജില്ലാ സെക്രട്ടറി എം.എം.വർഗീസ് പിൻവലിച്ചിരുന്നു. അതിനെ തുടർന്ന് നിലവിൽ 9.5 കോടിയാണ് അക്കൗണ്ടിലുള്ളത്. ഈ അക്കൗണ്ട് മരവിപ്പിക്കുന്നതോടെ വലിയ അടി തന്നെയാണ് സി പി എമ്മിനെ സംബന്ധിച്ചിടത്തോളം സംസ്ഥാനത്ത് ഇപ്പോൾ ലഭിച്ചത്.
അതെ സമയം പണത്തിന്റെ സ്രോതസ് അടക്കം വ്യക്തമാക്കാതെ, പിൻവലിച്ച ഒരു കോടി രൂപ ചിലവഴിക്കരുതെന്നും ആദായ നികുതി വകുപ്പ് കർശന നിർദ്ദേശം നൽകി . കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ ഇ.ഡി നടപടിക്ക് പിന്നാലെയുള്ള ആദായ നികുതി വകുപ്പിന്റെ നീക്കം തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, സി.പി.എമ്മിനെ വലിയ രീതിയിൽ പ്രതിരോധത്തിലാക്കിയെന്ന് നിസംശയം പറയാം .തൃശൂർ നഗരത്തിൽ, സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസിന് സമീപമുള്ള ബാങ്ക് ഒഫ് ഇന്ത്യ ശാഖയിലെ അക്കൗണ്ടുകളാണ് ആദായ നികുതി വകുപ്പ് മരവിപ്പിച്ചത്.
Discussion about this post