കാൻബെറ : ഓസ്ട്രേലിയയിലെ സിഡ്നിയിൽ വീണ്ടും കത്തിക്കുത്ത് ആക്രമണം. ഇത്തവണ ഒരു ക്രിസ്ത്യൻ പള്ളിയിലാണ് ആക്രമണം നടന്നത്. പള്ളിയിൽ കുർബാനയ്ക്കിടെ പുരോഹിതനെയും വിശ്വാസികളെയും കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. കഴിഞ്ഞദിവസം സിഡ്നിയിലെ ഷോപ്പിംഗ് മാളിൽ സമാനമായ രീതിയിൽ കത്തിക്കുത്ത് ആക്രമണം ഉണ്ടായിരുന്നു.
സിഡ്നി നഗരത്തിൽ നിന്നും 30 കിലോമീറ്റർ അകലെയുള്ള വാക്ക്ലെയിലെ ക്രിസ്ത്യൻ പള്ളിയിലാണ് ആക്രമണം നടന്നത്. ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. തിങ്കളാഴ്ച വൈകിട്ട് ആയിരുന്നു ആക്രമണം ഉണ്ടായത്. പള്ളിയിൽ കുർബാന നടക്കുന്നതിനിടയിലാണ് പ്രതിയായ യുവാവ് കത്തികൊണ്ട് ആക്രമണം നടത്തിയത്.
കുർബാനയ്ക്കിടയിൽ കത്തിയുമായി മുന്നോട്ടുവന്ന പ്രതി ആദ്യം പുരോഹിതനെ കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. ഇത് കണ്ട് വിശ്വാസികൾ പെട്ടെന്ന് ഓടി വന്നപ്പോൾ നിരവധി വിശ്വാസികളെയും ഇയാൾ ആക്രമിച്ചു. പള്ളിയിലെ കുർബാന തൽസമയം സംപ്രേക്ഷണം ചെയ്തിരുന്നതിനാൽ പ്രതി ആക്രമണം നടത്തുന്നതിന്റെ ദൃശ്യങ്ങൾ പെട്ടെന്ന് തന്നെ വലിയ പ്രചാരം നേടി. പ്രതിയെ അറസ്റ്റ് ചെയ്തതായും വിശദമായ അന്വേഷണം നടത്തുമെന്നും പോലീസ് അറിയിച്ചു.








