തിരുവനന്തപുരം: സംസ്ഥാനത്ത് ട്രെയിനിൽ വീണ്ടും ടിടിഇയ്ക്ക് നേരെ ആക്രമണം. തിരുവനന്തപുരത്ത് നിന്നും ചെന്നെയിലേക്കുള്ള ചെന്നൈ മെയിലിൽ ആയിരുന്നു സംഭവം. ടിടിഇയുടെ പരാതിയിൽ പ്രതിയായ യാത്രികനെ റെയിൽവേ പോലീസ് അറസ്റ്റ് ചെയ്തു.
ലേഡീസ് കംപാർട്ട്‌മെന്റിൽ യാത്ര ചെയ്തത് ചോദ്യം ചെയ്തതിനെ തുടർന്നായിരുന്നു ആക്രമണം എന്നാണ് വിവരം. തിരുവനന്തപുരത്ത് നിന്നും പുറപ്പെട്ട ട്രെയിൻ കൊല്ലത്ത് എത്തിയപ്പോഴായിരുന്നു സംഭവം. ലേഡീസ് കംപാർട്ട്‌മെന്റിൽ ടിക്കറ്റ് പരിശോധനയ്ക്ക് കയറിയ ടിടിഇ പ്രതിയോട് ഇവിടെ നിന്നും മാറാൻ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ ഇയാൾ വിസമ്മതിച്ചു. തുടർന്ന് ടിടിഇയുമായി തർക്കിക്കുകയും കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയുമായിരുന്നു.
ടിടിഇയുടെ ചിത്രങ്ങൾ മൊബൈൽ ഫോണിൽ പകർത്താനും ഇയാൾ ശ്രമിച്ചു. ഉടനെ ഇക്കാര്യം ടിടിഇ പോലീസിനെ അറിയിക്കുകയായിരുന്നു. തുടർന്ന് കായംകുളത്തുവച്ച് ഇയാളെ അറസ്റ്റ് ചെയ്തു. തുടർ നടപടികൾക്കായി ഇയാളെ കൊല്ലത്തേക്ക് കൊണ്ടുപോയി.












