കോഴിക്കോട് : കോഴിക്കോട് കൂടരഞ്ഞിയിൽ വോട്ട് ചെയ്യാൻ പോയ കുടുംബം സഞ്ചരിച്ചിരുന്ന കാറിന് തീപിടിച്ച് കത്തി നശിച്ചു. കക്കാടംപൊയിലിലെ ബൂത്തിലേക്ക് വോട്ട് ചെയ്യാൻ പോകും വഴിയായിരുന്നു അപകടം ഉണ്ടായത്. തലനാരിഴക്കാണ് അപകടത്തിൽ നിന്നും മൂന്നംഗ കുടുംബം രക്ഷപ്പെട്ടത്.
പീടികപ്പാറ സ്വദേശി തേനരുവി ജോൺ, ഭാര്യ, സഹോദരി എന്നിവർ സഞ്ചരിച്ചിരുന്ന കാറിനാണ് തീ പിടിച്ചത്. കക്കാടംപൊയിലിലെ താഴെ കക്കാട് പാമ്പുംകാവ് വെച്ചാണ് കാറിന് തീപിടിച്ചത്. കാറിന്റെ മുൻഭാഗത്തുനിന്നും പുക ഉയരുന്നത് കണ്ട ഉടൻ തന്നെ ജോണും കുടുംബവും കാറിൽ നിന്നും പുറത്തിറങ്ങിയതാണ് വലിയ അപകടം ഒഴിവാക്കിയത്.
തീ പടർന്ന കാർ പൂർണമായും കത്തി നശിച്ചു.








