ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ കടന്നാക്രമണവുമായി രാഹുൽ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്രമോദി വല്ലാതെ ഭയപ്പെട്ടിരിക്കുകയാണ് ഇപ്പോൾ. കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ മോദി പൊട്ടിക്കരയുന്നത് കാണാം. എന്റെ പ്രസംഗങ്ങളിൽ മോദി പരിഭ്രാന്തി കാണിക്കുകയാണ് എന്നും രാഹുൽ ഗാന്ധി അഭിപ്രായപ്പെട്ടു.
കോൺഗ്രസിന്റെ പ്രകടനപത്രികയിലെ അനന്തരാവകാശ നികുതി നിയമവും സമ്പത്തിന്റെ പുനർവിതരണവും പോലെയുള്ള വിഷയങ്ങൾ ഉന്നയിച്ച് പലകാര്യങ്ങളിൽ നിന്നും നരേന്ദ്രമോദി ശ്രദ്ധ തിരിക്കുകയാണെന്നും രാഹുൽ ഗാന്ധി സൂചിപ്പിച്ചു. നിങ്ങളുടെ ശ്രദ്ധ തിരിച്ചുവിടാനാണ് മോദി പല വിഷയങ്ങളും സംസാരിക്കുന്നത്. ചിലപ്പോൾ ചൈനയെ കുറിച്ച് സംസാരിക്കും. മറ്റു ചിലപ്പോൾ പാകിസ്താനെ കുറിച്ച് സംസാരിക്കും. ഇങ്ങനെ പല വിഷയങ്ങൾ സംസാരിച്ച് മോദി ജനങ്ങളുടെ ശ്രദ്ധ തിരിക്കുകയാണ് ചെയ്യുന്നത് എന്നും രാഹുൽഗാന്ധി കുറ്റപ്പെടുത്തി.
അഗ്നിവീർ പദ്ധതിയിലൂടെ ഇന്ത്യൻ കരസേനയിലെ യുവാക്കളുടെ ജോലികൾ തട്ടിയെടുക്കുകയാണ് പ്രധാനമന്ത്രി മോദി ചെയ്യുന്നത് എന്നും രാഹുൽ ഗാന്ധി ആരോപിച്ചു. ഇന്ത്യൻ സൈന്യത്തിനും സൈനികർക്കും അപമാനമാണ് അഗ്നിവീർ പദ്ധതി. ഞങ്ങൾ അത് ഇല്ലാതാക്കും. കോൺഗ്രസ് അധികാരത്തിലെത്തിയാൽ എല്ലാ കുടുംബത്തിന്റെയും വരുമാനവും സ്വത്തും സംബന്ധിച്ച് സർവ്വേ നടത്തുമെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി.
Discussion about this post