ചെന്നൈ: സ്വത്ത് നല്‍കാത്തതിനെ തുടര്‍ന്ന് തമിഴ്നാട്ടിൽ വ്യവസായിയെ മകൻ അതിക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തി. സംഭവത്തില്‍ നാൽപ്പതു വയസുകാരനായ മകൻ സന്തോഷിനെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. വ്യവസായിയുടെ മരണത്തിന് പിന്നാലെയാണ് ദൃശ്യങ്ങൾ പുറത്തുവന്നത്.
കഴിഞ്ഞ ഫെബ്രുവരി 16ന് നടന്ന മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്ത് വന്നിട്ടുള്ളത്. ഇതിന് പിന്നാലെയാണ് മകന്‍ പോലീസ് പിടികൂടിയത്. പേരാമ്പലർ ജില്ലയിൽ ശ്രീ അമൃത ഇൻഡസ്ട്രിസ് എന്ന പേരിൽ വ്യവസായ സ്ഥാപനങ്ങൾ നടത്തുന്ന കുളന്തയ് വേലുവാണ് (63) ആണ് കൊല്ലപ്പെട്ടത്.
നേരത്തെ സ്വത്തു ചോദിച്ചു സന്തോഷ് പലവട്ടം പിതാവിനെ സമീപിച്ചിരുന്നു. എന്നാല്‍ അനുകൂല പ്രതികരണം ഇല്ലാതായതോടെ കുടുംബ വീട്ടിലേക്ക് കയറിച്ചെന്ന് സന്തോഷ് പിതാവിനെ മര്‍ദ്ദിക്കുകയായിരുന്നു.
ബഹളം കേട്ട് ഓടിയെത്തിയ അയൽക്കാർ വേലുവിനെ ആശുപത്രിയിലേക്ക് മാറ്റാൻ ശ്രമിക്കുന്നന്നതിനിടയിലും അതിക്രമം തുടർന്നു. തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് വേലു കൊല്ലപ്പെട്ടത്.
പിന്നാലെ, കുടുംബംഗങ്ങൾ പോലീസിന് പരാതി നല്‍കുകയും മര്‍ദ്ദനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വിടുകയുമായിരുന്നു. കോടതിയിൽ ഹാജരാക്കിയ സന്തോഷിനെ റിമാൻഡ് ചെയ്തു.








