മുംബൈ :കോൺഗ്രസിനെത്തിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വികസനത്തിന്റെ കാര്യത്തിൽ മോദിയോട് മത്സരിക്കാൻ കോൺഗ്രസിന് കഴിയില്ല എന്ന് പാർട്ടിക്ക് തന്നെ അറിയുന്ന കാര്യം ആണ്. അതുകൊണ്ട് തന്നെ കോൺഗ്രസ് തിരഞ്ഞെടുപ്പ് കാലത്ത് നുണകളുടെ ഫാക്ടറി തുറന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മഹാരാഷ്ട്രയിൽ നന്ദുർബാറിൽ പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി .
‘തനിക്ക് പാവപ്പെട്ടവരെയും വനവാസികളെയും സേവിക്കുന്നത് സ്വന്തം കുടുംബത്തെ സേവിക്കുന്നത് പോലെയാണ്. താൻ കോൺഗ്രസിനെപ്പോലെ ഒരു രാജകുടുംബത്തിൽ പെട്ടവനല്ല. താൻ ഒരു പാവപ്പെട്ട കുടുംബത്തിൽ നിന്നുള്ള ആളാണ്. ദാരിദ്ര്യത്തിലാണ് വളർന്നത്. അതുകൊണ്ട് തന്നെ പാവപ്പെട്ടവന്റെ വേദന മനസ്സിലാക്കാൻ തനിക്ക് കഴിയും ‘ _ പ്രധാനമന്ത്രി പറഞ്ഞു.
കോൺഗ്രസിന്റെ മതപരമായ സംവരണം അനുവദനീയമല്ല. അത് ഭരണഘടനാ ശിൽപിയായ ബാബാസാഹേബ് അംബേദ്ക്കറുടെ നയങ്ങൾക്ക് എതിരാണ്. ഭരണഘടന തയ്യാറാക്കിയവരുടെ മുതുകിൽ കുത്തുന്നതിന് തുല്യമാണെന്നും അദ്ദേഹം പറഞ്ഞു . ന്യൂനപക്ഷ ക്ഷേമത്തിന്റെ പേരിൽ എസ്സി , എസ്ടി ഒബിസി എന്നിവരിൽ നിന്നുള്ള സംവരണ ആനൂകൂല്യങ്ങൾ പിടിച്ചെടുക്കാൻ കോൺഗ്രസ് പാർട്ടി ആഗ്രഹിക്കുന്നു. കോൺഗ്രസ് ജനങ്ങളെ വഞ്ചിക്കുകയാണ് ചെയ്യുന്നത്. ഇതിനുള്ള മറുപടി ജനങ്ങൾ നിങ്ങൾക്ക് ഈ തിരഞ്ഞെടുപ്പിലൂടെ നൽകും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post