കോഴിക്കോട്: ട്രെയിനിനുള്ളിൽ ടിടിഇയ്ക്ക് നേരെ വീണ്ടും ആക്രമണം. മംഗലാപുരം- തിരുവനന്തപുരം മാവേലി എക്‌സ്പ്രസിൽ ഷൊർണൂരിൽ വച്ച് ഇന്നലെ രാത്രിയിലായിരുന്നു സംഭവം. രാജസ്ഥാൻ സ്വദേശിയായ വിക്രം കുമാർ മീണയ്ക്കാണ് മർദ്ദനമേറ്റത്. സംഭവത്തിൽ തിരുവനന്തപുരം കരമന സ്വദേശി എസ് സ്റ്റാലിനെ റെയിൽവേ പോലീസ് അറസ്റ്റ് ചെയ്തു.
ടിക്കറ്റ് ഇല്ലാതെ റിസർവേഷൻ കോച്ചിൽ യാത്ര ചെയ്ത് ചോദ്യം ചെയ്തതാണ് മർദ്ദനത്തിന് കാരണം. കോഴിക്കോട് നിന്നാണ് പ്രതി ട്രെയിനിൽ അയറിയത്. കയറിയത് മുതൽ തന്നെ പ്രതി ട്രെയിനിൽ പ്രശ്‌നങ്ങൾ ഉണ്ടാക്കിയിരുന്നതായി വിക്രം കുമാർ മീണ പറയുന്നു. ജനറൽ കോച്ചിലേയ്ക്ക് മാറണമെന്ന് പല തവണ പറഞ്ഞിട്ടും പ്രതി സമ്മതിച്ചില്ല. തുടർന്നുള്ള വാക്കേറ്റത്തിനിടെ ടിടിഇയെ ഇയാൾ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. വിക്രം കുമാറിന്റെ മൂക്കിൽ ശക്തമായി ഇടിയ്ക്കുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു.
മൂക്കിൽ നിന്നും രക്തം ഒഴുകി നിൽക്കുന്ന വിക്രം കുമാറിന്റെ ദൃശ്യങ്ങൾ ഇതിനകം പുറത്തുവന്നിട്ടുണ്ട്. ഇയാളെ ഷൊർണൂർ റെയിൽവേ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.












