ആശുപത്രിയോ സ്‌കൂളോ ഇല്ല….. കുടിവെള്ളത്തിനായി നാല് കിലോ മീറ്റർ നടക്കേണ്ട അവസ്ഥ… ജീവിതം ദുസ്സഹമായപ്പോൾ തമിഴ്നാട്ടിലെ തൂത്തുക്കുടി ജില്ലയിലെ മീനാക്ഷിപുരം ഗ്രാമത്തെ എല്ലാവരും കയ്യൊഴിഞ്ഞെങ്കിലും കന്ദസാമിയ്ക്ക് അതത്ര എളുപ്പമായിരുന്നില്ല. ജനിച്ച നാടിനോടുള്ള സ്‌നേഹം തന്റെ മരണം വരെ സ്വന്തം ഗ്രാമത്തിൽ ഒറ്റ്ക്ക് ജീവിക്കാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചു. 75ാം വയസ്സിൽ മരണത്തിന് കീഴടങ്ങുമ്പോൾ കന്ദസാമി ബാക്കിവയ്ക്കുന്നത് സ്വന്തം ഗ്രാമത്തിൽ അടിസ്ഥാന സൗകര്യം വേണമെന്ന മോഹം മാത്രമാണ്.
കഴിഞ്ഞ ദിവസം ആയിരുന്നു കന്ദസാമി എന്ന കന്ദസാമി നായ്ക്കർ മരിച്ചത്. വീടിനുള്ളിൽ അദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. അയൽ ഗ്രാമത്തിൽ നിന്നുള്ളയാൾ വീട്ടിലെത്തിയപ്പോഴാണ് കന്ദസാമിയെ അബോധാവസ്ഥയിൽ കണ്ടത്. ഡോക്ടർ എത്തി മരണം സ്ഥിരീകരിക്കുകയായിരുന്നു. ആഗ്രഹ പ്രകാരം സ്വന്തം ഗ്രാമത്തിൽ തന്നെ അദ്ദേഹത്തിന്റെ മൃതദേഹം സംസ്‌കരിച്ചു. ആകെ അവശേഷിച്ചിരുന്ന ജീവനും വിട്ടു പോയതോടെ മീനാക്ഷിപുരം ഗ്രാമം ആളില്ലാ ഗ്രാമമായി.
കഴിഞ്ഞ കുറേ വർഷങ്ങളായി ഗ്രാമത്തിൽ ഒറ്റയ്ക്കാണ് കന്ദസാമിയുടെ ജീവിതം. ആളും ബഹളവുമായി കഴിഞ്ഞിരുന്ന മീനാക്ഷിപുരം ഗ്രാമത്തിൽ ഒരു ജീവൻ മാത്രം ശേഷിച്ചതിന് പിന്നിൽ ഉദ്യോഗസ്ഥരുടെ അനാസ്ഥയാണെന്ന് ഉറപ്പ്.
പ്രധാനമായി കൃഷിയെ ആശ്രയിച്ച് കഴിഞ്ഞ ഗ്രാമം ആയിരുന്നു മീനാക്ഷിപുരം. എന്നാൽ കാലാവസ്ഥ ഇവരെ ചതിച്ചു. മഴ ലഭിക്കാതെ ആയതോടെ കൃഷിയിടങ്ങൾ വരണ്ടു. വിളകൾ കരിഞ്ഞു. കൃഷിയല്ലാതെ മറ്റൊന്നും അറിയാതിരുന്ന ഇവിടുത്തെ ജനങ്ങൾ പതിയെ മറ്റ് നാടുകളിലേക്ക് ചേക്കേറാൻ ആരംഭിച്ചു.
കാലത്തിന് അനുസരിച്ച് വികസനം എത്താത്തത് ഇവിടുത്തെ ജനങ്ങളുടെ ജീവിതം ദുസഹമാക്കി. നല്ല റോഡോ, ആശുപത്രിയോ, സ്‌കൂളോ, എന്തിന് ബസ് സർവ്വീസ് പോലും ഗ്രാമത്തിൽ ഇല്ല. നാല് കിലോ മീറ്റർ നടന്ന് അപ്പുറത്തെ ഗ്രാമത്തിൽ എത്തിയാൽ മാത്രമാണ് കുടിയ്ക്കാനുള്ള വെള്ളം ലഭിക്കുക. വെള്ളത്തിനുള്ള സൗകര്യം എത്തിക്കാൻ നിരവധി തവണ അധികൃതരോട് ആവശ്യപ്പെട്ടു എങ്കിലും ഫലമുണ്ടായില്ല. ജീവിക്കാൻ കഴിയില്ലെന്ന അവസ്ഥയായതോടെ പതിയെ ഇവിടെയുള്ളവർ മറ്റ് ഗ്രാമങ്ങളിലേക്ക് പോയി. 2018 ആകുമ്പോഴേയ്ക്കും ഗ്രാമത്തിൽ ഉള്ളവരുടെ എണ്ണം ആയിരത്തിൽ താഴെയായി ചുരുങ്ങി.
ഭാര്യയും മക്കളുമുണ്ട് കന്ദസാമിയ്ക്ക്. വിവാഹം കഴിച്ചതോടെ മക്കൾ മറ്റ് ഗ്രാമങ്ങളിലേക്ക് പോയി. കുറച്ചു കാലം ഭാര്യ കന്ദസാമിയ്‌ക്കൊപ്പം ഉണ്ടായിരുന്നു എങ്കിലും മക്കൾക്കൊപ്പം പിന്നീട് അവരും പോയി. ഭാര്യയും മക്കളും പോയിട്ടും ജന്മനാട് ഉപേക്ഷിക്കാൻ അദ്ദേഹം തയ്യാറായില്ല. ഗ്രാമത്തിൽ അടിസ്ഥാന സൗകര്യം എത്തിക്കാൻ അദ്ദേഹം പരമാവധി ശ്രമിച്ചെങ്കിലും അധികൃതരുടെ അനാസ്ഥ ഈ പരിശ്രമങ്ങൾ വിഫലമാക്കി.
ഇടയ്ക്ക് ഭാര്യയും മക്കളും അദ്ദേഹത്തെ കാണാൻ നാട്ടിൽ എത്താറുണ്ട്. ചില ദിവസങ്ങളിൽ അവർക്കൊപ്പം നിന്ന് ഗ്രാമത്തിലേക്ക് തന്നെ തിരികെ വരും. ഗ്രാമത്തിൽ ഒരു ക്ഷേത്രം ഉണ്ട്. വല്ലപ്പോഴും ഇവിടെ പ്രാർത്ഥിക്കാനായി അയൽ ഗ്രാമങ്ങളിൽ നിന്നും ആളുകൾ എത്തും. ഈ ക്ഷേത്രം മാത്രമാണ് ഗ്രാമത്തിൽ തകരാതെ ശേഷിക്കുന്നത്.
ഗ്രാമം പഴയപോലെ ആളുകളെ കൊണ്ട് നിറയണം എന്നായിരുന്നു കന്ദസാമിയുടെ ആഗ്രഹം. മക്കളും കൊച്ചു മക്കളുമായി ഗ്രാമത്തിൽ സന്തോഷത്തോടെ കഴിയണമെന്നും അദ്ദേഹം ആഗ്രഹിച്ചിരുന്നു. എന്നാൽ കന്ദസാമിയുടെ വിയോഗത്തോടെ ഗ്രാമത്തിന്റെ ശ്വാസം കൂടിയാണ് നിലച്ചത്.
Discussion about this post