ഹൈദരാബാദ്: അവിഭക്ത ആന്ധ്രപ്രദേശ് വിഭജിച്ച് തെലങ്കാനയും ആന്ധ്ര പ്രദേശും ആക്കിയ നടപടിയിൽ നിലനിൽക്കുന്ന പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ ഒരുക്കമെന്ന് തെലങ്കാന മുഖ്യമന്ത്രി. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിൻ്റെ ക്ഷണം സന്തോഷത്തോടെ സ്വീകരിക്കുന്നുവെന്നും രേവന്ത് റെഡ്‌ഡി വ്യക്തമാക്കി . കൂടാതെ ജൂലൈ 6 ന് ഹൈദരാബാദിലെ മഹാത്മാ ജ്യോതി റാവു ഫൂലെ ഭവനിൽ മുഖാമുഖത്തിന് ചന്ദ്ര ബാബു നായിഡുവിനെ അദ്ദേഹം ക്ഷണിക്കുകയും ചെയ്തു.
രണ്ട് തെലുങ്ക് ഭാഷ സംസാരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ എന്ന നിലയിൽ നിങ്ങളും ഞാനും തമ്മിൽ മുഖാമുഖം ചർച്ചകൾ വേണമെന്ന നിങ്ങളുടെ ആവശ്യത്തോട് ഞാൻ പൂർണ്ണ യോജിപ്പിലാണ്. . വിഭജന നിയമത്തിൻ്റെ തീർപ്പാക്കാത്ത എല്ലാ പ്രശ്നങ്ങളും പരസ്പര സഹകരണം കൊണ്ടും ആശയ വിനിമയം കൊണ്ടും പരിഹരിക്കുവാനും, ഇരു സംസ്ഥാനങ്ങളിലെയും ജനങ്ങളെ മികച്ച രീതിയിൽ സേവിക്കുവാനും ഒരു വ്യക്തിപരമായ കൂടിക്കാഴ്ച ആവശ്യമാണ്.
അതിനാൽ തന്നെ ഹൈദരാബാദിലെ മഹാത്മാ ജ്യോതി റാവു ഫൂലെ ഭവനിൽ ജൂലൈ 6 ന് ഉച്ചകഴിഞ്ഞ് ഒരു മീറ്റിംഗിലേക്ക് തെലങ്കാനയിലെ എല്ലാ ജനങ്ങളുടെ പേരിലും എന്റെ സർക്കാരിന്റെ പേരിലും താങ്കളെ ക്ഷണിക്കുന്നതിൽ എനിക്ക് വളരെയധികം സന്തോഷമുണ്ട്, രേവന്ത് റെഡ്‌ഡി പറഞ്ഞു
ചന്ദ്രബാബു നായിഡുവിന്റെ മുൻ വിശ്വസ്തനാണ് രേവന്ത് റെഡ്‌ഡി. തെലുഗു ദേശം പാർട്ടിയിൽ നായിഡുവിന്റെ കൂടെ പ്രവർത്തിച്ചിരുന്ന രേവന്ത് റെഡ്‌ഡി ഈയടുത്ത കാലത്താണ് കോൺഗ്രസിൽ ചേർന്നത്.
Discussion about this post