തിരുവനന്തപുരം: ജെല്ലിഫിഷ് കണ്ണിൽ തെറിച്ച് ചികിത്സയിലായിരുന്ന മത്സ്യത്തൊഴിലാളി മരിച്ചു. പള്ളം സ്വദേശി പ്രവീസ് (56) ആണ് മരിച്ചത്. ജെല്ലിഫിഷിൽ നിന്നുണ്ടായ അലർജിയാണ് മരണത്തിലേക്ക് നയിച്ചത്.
ഇക്കഴിഞ്ഞ ജൂൺ 29 നായിരുന്നു പ്രവീസിന്റെ കണ്ണിലേക്ക് ജെല്ലി ഫിഷ് തെറിച്ചത്. ഉൾക്കടലിൽ മക്കൾക്കൊപ്പം മീൻ പിടിയ്ക്കുകയായിരുന്നു പ്രവീസ്. ഇതിനിടെ വലയിൽ ജെല്ലി ഫിഷ് കുടുങ്ങുകയായിരുന്നു. ഇതിനെ എടുത്ത് മാറ്റാൻ ശ്രമിക്കുന്നതിനിടെ കണ്ണിൽ തെറിച്ചു. ശേഷം അലർജിയെ തുടർന്ന് കണ്ണിൽ നീര് വരികയായിരുന്നു. ഇതേ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടി. എന്നാൽ അസുഖം മൂർച്ഛിക്കുകയായിരുന്നു.
ഇതോടെ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലേക്ക് അദ്ദേഹത്തെ കൊണ്ടുപോയി. എന്നാൽ ഇവിടെവച്ച് ആരോഗ്യനില മോശമാകുകയായിരുന്നു. ഇവിടെ നിന്നും മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ആയിരുന്നു മരണം. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറി.












