മാസപ്പടി കേസിൽ മുഖ്യമന്ത്രി പിണറായി വിജയന് ഹൈക്കോടതിയിൽ നിന്ന് കടുത്ത തിരിച്ചടി. പിണറായി വിജയനടക്കമുള്ളവർ നൽകിയ അപ്പീൽ അനുമതി ഹർജികൾ ഹൈക്കോടതി തള്ളി. വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ ഉത്തരവിട്ട സിംഗിൾ ബഞ്ച് വിധിക്കെതിരായ അപ്പീൽ തങ്ങൾ പരിഗണിക്കില്ലെന്ന് കോടതി വ്യക്തമാക്കി.
തങ്ങളുടെ ഭാഗം കേൾക്കാതെയാണ് സിംഗിൾ ബഞ്ച് ഉത്തരവിട്ടതെന്നും അത് നിയമപരമല്ലെന്നുമായിരുന്നു ഹർജിക്കാരുടെ പ്രധാന വാദം. ഹർജിക്കാർക്ക് അനുകൂലമായ നിലപാടാണ് സർക്കാരും കോടതിയിൽ സ്വീകരിച്ചത്. എന്നാൽ അപ്പീലിന് അനുമതി നൽകരുതെന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) വാദം അംഗീകരിച്ചാണ് കോടതി ഹർജികൾ തള്ളിയത്. ഇതോടെ കേസിൽ പിണറായി വിജയനെ പിന്തുണച്ച സംസ്ഥാന സർക്കാരിനും കോടതിയിൽ നിന്ന് വൻ തിരിച്ചടിയാണുണ്ടായത്.









