നെടുമ്പാശേരി മിനി കൂപ്പർ അപകടക്കേസിലെ പ്രതി സുഹൈൽ സജീവ് ബോസ്റ്റൽ സ്കൂളിൽ വെച്ച് നീട്ടി വളർത്തിയ മുടി പറ്റെവെട്ടി രൂപമാറ്റം വരുത്തിയത് വലിയ വിവാദമാകുന്നു. കഴിഞ്ഞദിവസം കേസിൽ ഹാജരായപ്പോഴാണ് സുഹൈലും കൂട്ടാളികളും പുതിയ ലുക്കിൽ കോടതിയിലെത്തിയത്. സാക്ഷികളെ ആശയക്കുഴപ്പത്തിലാക്കാനും തിരിച്ചറിയൽ പരേഡിനെ ബാധിക്കാനുമാണ് നിയമോപദേശത്തിന്റെ അടിസ്ഥാനത്തിൽ പ്രതി മുടിവെട്ടിയതെന്നാണ് പൊലീസിന്റെ നിഗമനം.
എന്നാൽ പ്രതി സ്വയം മുടി വെട്ടുകയായിരുന്നു എന്നാണ് ബോസ്റ്റൽ സ്കൂൾ അധികൃതരുടെ വിശദീകരണം. അതിനിടെ, 19 കാരനായ പ്രതിക്ക് മദ്യം നൽകിയ കടവന്ത്ര ദയ ബാർ, പാലാരിവട്ടം മൺസൂൺ എംപ്രസ്, നെടുമ്പാശ്ശേരി മാരിയറ്റ് ഹോട്ടൽ എന്നീ ബാറുകളുടെ ലൈസൻസ് എക്സൈസ് കമ്മീഷണർ സാംബശിവ റാവു സസ്പെൻഡ് ചെയ്തു. അബ്കാരി നിയമപ്രകാരം 23 വയസ്സിൽ താഴെയുള്ളവർക്ക് മദ്യം വിൽക്കാൻ പാടില്ലെന്ന ചട്ടം ലംഘിച്ചതിനാണ് നടപടി.
അതേസമയം, നെടുമ്പാശേരി മിനി കൂപ്പർ അപകടം പൊലീസ് വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്നും സംസ്ഥാനത്ത് ഇനി മുതൽ മദ്യപിച്ച് വാഹനം ഓടിക്കുന്നത് അനുവദിക്കില്ലെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി. കേസിൽ ഒരാളെയും രക്ഷപ്പെടാൻ അനുവദിക്കില്ലെന്നും, കഴിഞ്ഞദിവസം നടത്തിയ 12 മണിക്കൂർ പരിശോധനയിൽ മദ്യപിച്ച് വാഹനമോടിച്ച ആയിരത്തോളം പേരെ അറസ്റ്റ് ചെയ്തതായും മന്ത്രി അറിയിച്ചു. പ്രതിയുടെ ലൈസൻസ് റദ്ദാക്കുന്നതിന് പുറമെ കർശന നിയമനടപടികൾ സ്വീകരിക്കും. 21 വയസ്സിൽ താഴെയുള്ള പ്രതിയെ ബോസ്റ്റൽ സ്കൂളിലേക്ക് അയക്കാൻ തീരുമാനിച്ചത് പൊലീസല്ലെന്നും, കോടതിയുടെ ഉത്തരവിനെ തെറ്റായി വ്യാഖ്യാനിച്ച് ചില മാധ്യമപ്രവർത്തകർ തെറ്റിദ്ധാരണ പരത്തുകയാണെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.









