കർക്കശക്കാരൻ, ആറ്റിറ്റ്യൂഡുകാരൻ, കണിശക്കാരൻ, അഹങ്കാരി എന്നിങ്ങനെ പലവിധ വിശേഷണങ്ങൾ നൽകി ചിലർ എപ്പോഴും മാറ്റിനിർത്താൻ ശ്രമിക്കാറുള്ള മലയാളത്തിന്റെ സ്വന്തം മമ്മൂക്കയെ അടുത്തറിയുന്നവർക്ക് വ്യക്തമായി അറിയാം അദ്ദേഹത്തിന്റെ ഉള്ളിലെ ആർദ്രതയും സ്നേഹവും. അടുത്തിടപഴകുന്നവരും ഒപ്പം പ്രവർത്തിക്കുന്നവരും എന്നും ആവർത്തിച്ചു പറയാറുള്ളത് ആ സ്നേഹവാത്സല്യങ്ങളെക്കുറിച്ചാണ്. വീണ്ടും വീണ്ടും മമ്മൂട്ടിക്കൊപ്പം സിനിമകൾ ചെയ്യണമെന്ന് ഏതൊരു സംവിധായകനും അണിയറപ്രവർത്തകനും ആഗ്രഹിക്കുന്നതും ആ മാതൃകാപരമായ ബന്ധം കൊണ്ടാണ്. സിനിമയുടെ വെള്ളിത്തിരയിൽ നാം കാണുന്നതിനേക്കാൾ എത്രയോ മനോഹരമായ, ഹൃദയസ്പർശിയായ സംഭവങ്ങളാണ് പലപ്പോഴും ലൊക്കേഷനുകളിൽ അരങ്ങേറാറുള്ളത്.
ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിക്കൊണ്ടിരിക്കുന്നത് മമ്മൂട്ടി തന്നെ ഓർത്തെടുത്ത, തമാശയ്ക്കുമപ്പുറം കണ്ണുനിറയ്ക്കുന്ന ഒരു അപൂർവ ലൊക്കേഷൻ അനുഭവമാണ്. 1986-ൽ ഐ.വി. ശശി-ടി. ദാമോദരൻ കൂട്ടുകെട്ടിൽ പുറത്തിറങ്ങി തിയേറ്ററുകളെ ഇളക്കിമറിച്ച തരംഗം ചിത്രം ‘ആവനാഴി’യുടെ ഷൂട്ടിംഗ് സെറ്റിലാണ് സിനിമാക്കഥകളെ പോലും തോൽപ്പിക്കുന്ന ആ സംഭവം നടക്കുന്നത്.
ചിത്രീകരണത്തിനിടെ പ്രായമായ ഒരു അമ്മ മമ്മൂട്ടിയുടെ അടുത്തേക്ക് ഓടിയെത്തി. തികച്ചും അപ്രതീക്ഷിതമായി അവർ അദ്ദേഹത്തെ വാരിപ്പുണർന്നു. പട്ടാളത്തിൽ ജോലിക്ക് പോയി വർഷങ്ങളായി കാണാതായ തന്റെ സ്വന്തം മകൻ തിരികെ വന്നുവെന്ന സന്തോഷത്തിലായിരുന്നു ആ അമ്മ! താൻ കെട്ടിപ്പിടിക്കുന്നത് ലോകമറിയുന്ന ഒരു സൂപ്പർതാരത്തെയാണെന്ന് ആ പാവം സ്ത്രീക്ക് അറിയുമായിരുന്നില്ല. അവരുടെ കണ്ണിൽ അത് വർഷങ്ങൾക്ക് ശേഷം തിരിച്ചെത്തിയ സ്വന്തം രക്തമായിരുന്നു.
മമ്മൂട്ടിയെ ചേർത്തുപിടിച്ചുകൊണ്ട് ആ അമ്മ തങ്ങളുടെ വീട്ടിലെ വിശേഷങ്ങളും മറ്റു മക്കളുടെ കാര്യങ്ങളുമെല്ലാം ഒന്നൊന്നായി പങ്കുവെച്ചു. “നിന്നെ കണ്ടിട്ട് എത്ര നാളായി മോനേ…” എന്ന് ചോദിച്ചുകൊണ്ട് സ്നേഹത്തോടെ കൈയിലുണ്ടായിരുന്ന മുറുക്കും അദ്ദേഹത്തിന് നൽകി. ഒരു നടനാണെന്ന യാഥാർത്ഥ്യത്തെക്കാൾ, തന്റെ കാണാമറയത്തുപോയ മകൻ മുന്നിൽ വന്നു നിൽക്കുന്ന നിർവൃതിയിലായിരുന്നു ആ അമ്മ. ആ നിമിഷത്തിൽ തികച്ചും അന്തംവിട്ടുപോയെങ്കിലും അവരുടെ സ്നേഹപ്രകടനങ്ങൾക്ക് മുന്നിൽ മമ്മൂട്ടി മൗനിയായി, ആ നിഷ്കളങ്കമായ വാത്സല്യം പൂർണ്ണമായും ഉൾക്കൊള്ളുകയായിരുന്നു.
പിന്നീട് ഒരു അഭിമുഖത്തിൽ ഈ അനുഭവത്തെക്കുറിച്ച് ചോദിച്ചപ്പോഴാണ് തനിക്ക് ലഭിച്ച ആ മാതൃസ്നേഹത്തെക്കുറിച്ച് മമ്മൂട്ടി വളരെ ആർദ്രമായി സംസാരിച്ചത്. “ആ അമ്മയുടെ പട്ടാളത്തിൽ പോയി കാണാതായ മകനാണെന്ന് കരുതിയാണ് അവർ എന്നെ കെട്ടിപ്പിടിച്ചതും സ്നേഹം പ്രകടിപ്പിച്ചതും. ഞാൻ മമ്മൂട്ടിയാണെന്ന് വിചാരിച്ചല്ല അവർ അതൊന്നും ചെയ്തത്,” എന്ന് അദ്ദേഹം ഓർത്തെടുത്തു.
“അവർ വീട്ടുകാര്യം വരെ എന്നോട് പറഞ്ഞു. മറ്റ് മക്കളുടെ കാര്യങ്ങളും നിന്നെ കണ്ടിട്ട് എത്രനാളായി എന്നൊക്കെയും ആ അമ്മ ചോദിക്കുന്നുണ്ടായിരുന്നു. ഞാൻ അതൊക്കെ കേട്ട് അന്തംവിട്ടു പോയി. അവർക്ക് മമ്മൂട്ടി സിനിമയിൽ അഭിനയിക്കുന്ന ആളായിരുന്നില്ല. അവരുടെ പണ്ട് എവിടെയോ പോയ മകൻ തിരിച്ചുവന്നപ്പോൾ ബാക്കി വിശേഷങ്ങൾ പറയുന്നത് പോലെയാണ് അവർ സംസാരിച്ചത്. എനിക്ക് മുറുക്കൊക്കെ തന്നു. അവർ ഭയങ്കര ഹാപ്പിയായിരുന്നു. ഇത്രയും സ്നേഹം അപൂർവം ആളുകൾക്കല്ലേ കിട്ടുകയുള്ളൂ,” എന്ന് മമ്മൂട്ടി കൂട്ടിച്ചേർത്തു.
സിനിമയും പണവും പ്രശസ്തിയും ആഡംബരങ്ങളുമെല്ലാം തനിക്കുണ്ടാക്കാം, എന്നാൽ യാതൊരു ലാഭേച്ഛയുമില്ലാതെ മനുഷ്യരിൽ നിന്ന് ലഭിക്കുന്ന ഇത്തരത്തിലുള്ള വറ്റാത്ത സ്നേഹമാണ് ജീവിതത്തിലെ ഏറ്റവും വലിയ സമ്പാധ്യമെന്നും അദ്ദേഹം വികാരഭരിതനായി പങ്കുവെച്ചു. “സ്നേഹം കാശുകൊടുത്താൽ വാങ്ങിക്കാൻ പറ്റില്ല. സ്നേഹം കിട്ടണമെങ്കിൽ സ്നേഹം കൊടുക്കണം,” എന്ന മഹത്തായ സന്ദേശമാണ് ആ അനുഭവത്തിലൂടെ മമ്മൂട്ടി ഓർമ്മിപ്പിച്ചത്.
കാതൽ സിനിമയുടെ പ്രമോഷന് എത്തിയപ്പോഴായിരുന്നു മമ്മൂട്ടി ഈ അനുഭവം വെളിപ്പെടുത്തിയത്. ഈ പഴയ വീഡിയോ വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലായതോടെ ലക്ഷക്കണക്കിന് ആരാധകരാണ് കമന്റുകളുമായി എത്തിയത്. വെള്ളിത്തിരയിലെ ഗാംഭീര്യമുള്ള കഥാപാത്രങ്ങൾക്കപ്പുറം, ഉള്ളിൽ സ്നേഹത്തിന്റെ വലിയൊരു മനസ്സുപേറുന്ന വ്യക്തിത്വമാണ് മമ്മൂട്ടിയുടേതെന്ന് ആരാധകർ ഒന്നടങ്കം അഭിപ്രായപ്പെടുന്നു. ലാളിത്യവും ആത്മാർത്ഥതയും കൊണ്ട് വീണ്ടും വീണ്ടും സിനിമാപ്രേമികളുടെ ഹൃദയം കവരുകയാണ് ഈ ജനപ്രിയ നായകൻ.












