ന്യൂയോർക്ക് : സിനിമ ഷൂട്ടിങ്ങിനിടയിൽ അബദ്ധത്തിൽ വെടിപൊട്ടി ഛായാഗ്രാഹക മരിച്ച സംഭവത്തിൽ ഹോളിവുഡ് താരം അലക് ബാൾഡ്വിനെ കോടതി കുറ്റവിമുക്തമാക്കി. 2021ൽ ആയിരുന്നു കേസിനാസ്പദമായ സംഭവം നടന്നിരുന്നത്. റസ്റ്റ് എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷനിൽ വച്ച് നടന്റെ കൈയിൽ നിന്നും അബദ്ധത്തിൽ വെടി പൊട്ടുകയായിരുന്നു.
ഛായാഗ്രാഹക ഹലീന ഹച്ചിൻസ് ആണ് വെടിയേറ്റ് കൊല്ലപ്പെട്ടത്. സംഭവത്തെ തുടർന്ന് നടൻ അലക് ബാൾഡ്വിനെതിരെയും ഷൂട്ടിങ്ങിന് ആയുധങ്ങൾ എത്തിച്ചിരുന്ന ഹന്ന ഗുട്ടറസിനെതിരെയും മനപ്പൂർവ്വം അല്ലാത്ത നരഹത്യ കുറ്റം ചുമത്തി കേസെടുക്കുകയും ജയിലിൽ അടയ്ക്കുകയും ചെയ്തിരുന്നു. ഉപയോഗിച്ചിരുന്നത് നിറ തോക്കാണെന്ന കാര്യം തനിക്ക് അറിയില്ലായിരുന്നു എന്ന് സംഭവത്തിൽ അലക് ബാൾഡ്വിൻ വ്യക്തമാക്കിയിരുന്നു.
അലക് ബാൾഡ്വിനെതിരായ കുറ്റം സംശയാതീതമായി തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ല എന്ന് അദ്ദേഹത്തെ കുറ്റവിമുക്തനാക്കി പ്രഖ്യാപിച്ച ജഡ്ജി മേരി മാർലോ സോമ്മർ വ്യക്തമാക്കി. വിധി പ്രഖ്യാപനത്തിനുശേഷം വികാരനിർഭരമായ രംഗങ്ങൾ ആയിരുന്നു കോടതിയിൽ നടന്നത്. കണ്ണീരണിഞ്ഞുകൊണ്ടാണ് അലക് ബാൾഡ്വിൻ വിധി കേട്ടത്.
Discussion about this post