തൃശ്ശൂർ :നിർധന കുടുംബത്തിന് വീട് വച്ച് നൽകാൻ ഒരുങ്ങി സേവാഭാരതി. തൃശ്ശൂർ തൊയക്കാവിൽ ഓലക്കുടിലിൽ കഴിയുന്ന കുടുംബത്തിനാണ് സേവാ ഭാരതി വീട് നിർമ്മിച്ച് നൽകുന്നത്.
ഈ കൂടുംബത്തിന്റെ അവസ്ഥ പുറം ലോകം അറിഞ്ഞത് മനോരമ ന്യൂസിലൂടെയാണ്. അറുപതു വയസു കഴിഞ്ഞ മൂന്നു സഹോദരിമാരുടെ ദുസ്സഹം നിറഞ്ഞ ജീവിതം കണ്ട് വീട് നിർമ്മിച്ച് നൽകാൻ സേവാഭാരതി നേരിട്ട് രംഗത്തെത്തുകയായിരുന്നു. 450 സ്‌ക്വയർ ഫീറ്റിലാണ് വീട് ഒരുങ്ങുന്നത്. ചലച്ചിത്ര താരവും ബി.ജെ.പി. സംസ്ഥാന ഉപാധ്യക്ഷനുമായ ദേവനാണ് വീട് നിർമാണത്തിന്റെ ഉദ്ഘാടനം നിർവഹിച്ചത് .ഓണത്തിന് പുതിയ വീട്ടിലേക്ക് കുടുംബത്തിനു മാറാൻ കഴിയുംവിധമാണ് നിർമാണം ക്രമീകരിച്ചിട്ടുള്ളത്.
പ്രളയസമയത്തെല്ലാം ഇവർ ഈ ഓലക്കുടിലിലായിരുന്നു ജീവിതം മുന്നോട്ട് കൊണ്ടുപോയിരുന്നത്. പാമ്പുകളുടെ ശല്യം കാരണം കുടിലിൽ മനസമാധാനത്തോടെ ഉറങ്ങാൻ പോലും കഴിയുമായിരുന്നില്ല. ഞങ്ങൾക്ക് ഒരു അടച്ചുറപ്പുള്ള വീട്ടിൽ കിടക്കണം എന്നത് വലിയൊരു ആഗ്രഹമായിരുന്നു. ഞങ്ങളുടെ ഈ ആഗ്രഹം സഫലീകരിക്കാൻ എത്തിയ സേവാഭാരതിക്ക് ഒരുപാട് നന്ദി എന്ന് സഹോദരിമാർ പറഞ്ഞു.












