ചെന്നൈ: പ്രണയാഭ്യർത്ഥന നിരസിച്ചതിന്റെ പേരിൽ യുവതിയെ വ്യത്യസ്തമായ രീതിയിൽ ബുദ്ധിമുട്ടിച്ച യുവാവ് പിടിയിൽ.പ്രതികാരമായി ഓൺലൈൻ ആപ്ലിക്കേഷനുകൾ വഴി യുവതിയുടെ വീട്ടിലേക്ക് 2 ദിവസത്തിനുള്ളിൽ എൺപതോളം ടാക്സി കാറുകളും നൂറോളം പാഴ്സലുകളും അയച്ച ആൺകുട്ടിയാണ് പിടിയിലായത്. ഇയാളുടെ പ്രണയാഭ്യർഥന യുവതി നിരസിക്കുകയും ശല്യം ചെയ്തതിനു പോലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു. പ്രതികാരമായാണ് ഇങ്ങനെ ചെയ്തതെന്ന് കുട്ടി സമ്മതിച്ചു.
ഡെലിവറി ആപ്ലിക്കേഷനുകൾ വഴി പാത്രങ്ങൾ, ഭക്ഷണം, വസ്ത്രങ്ങൾ, ടൂത്ത് പേസ്റ്റ് ഉൾപ്പെടെയുള്ളവ വീട്ടിലെത്തിയപ്പോഴാണ് യുവതിയും വീട്ടുകാരും അക്ഷരാർത്ഥത്തിൽ ഞെട്ടിയത്. താൻ ഓർഡർ ചെയ്യാതെ എത്തിയ ഇവ കൈപ്പറ്റാൻ യുവതി വിസമ്മതിച്ചു. നൂറോളം സാധനങ്ങൾ നിരസിച്ചതോടെ ഡെലിവറി ഏജന്റുമാരുമായി തർക്കമായി. തുടർന്നു കുടുംബം പോലീസിൽ പരാതി നൽകി. ഇതോടെ, പാഴ്സലുകൾ വരുന്നതു നിലച്ചു.
എന്നാൽ, 2 ദിവസത്തിനുള്ളിൽ എൺപതോളം ടാക്സി ഡ്രൈവർമാർ വീട് അന്വേഷിച്ചെത്തിയതോടെ കുടുംബം വീണ്ടും സൈബർ ക്രൈം പോലീസിനെ സമീപിച്ചു. ബുക്കിങ്ങിന് ഉപയോഗിച്ച ഫോൺ നമ്പർ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിനൊടുവിലാണ് അയൽവാസിയായ 17 വയസ്സുകാരൻ പിടിയിലായത്.
Discussion about this post