എറണാകുളം: രക്തദാനം എളുപ്പമാക്കാൻ മൊബൈൽ ബ്ലഡ് ബാങ്ക് ആരംഭിച്ച് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. കൊച്ചിൻ വൊളണ്ടറി ഡോണർ ബ്ലഡ് സെന്ററിന്റെ ഭാഗമായി പ്രവർത്തിക്കുന്ന ബ്ലഡ് ബാങ്ക് മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്തു. കേരളത്തിൽ ആരംഭിക്കുന്ന രണ്ടാമത്തെ സഞ്ചരിക്കുന്ന ബ്ലഡ് ബാങ്കാണ് ഇത്.
എവിടെ നിന്നും രക്തദാനം സാദ്ധ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഐഎംഎ മൊബൈൽ ബ്ലഡ് ബാങ്കിന് തുടക്കമിട്ടിരിക്കുന്നത്. രക്തദാന ക്യാമ്പുകൾ സംഘടിപ്പിക്കാനും ഉതകുന്നതാണ് ഈ ബ്ലഡ് ബാങ്ക്. വലിയ ഹാളുകളും മറ്റും ബുക്ക് ചെയ്ത് രക്തദാന ക്യാമ്പ് നടത്തുന്നതിന് പകരം മൊബൈൽ ബ്ലഡ് ബാങ്കിന്റെ സേവനം സന്നദ്ധ സംഘടനകൾക്ക് ഉൾപ്പെടെ പ്രയോജനപ്പെടുത്താം. സേവനം തികച്ചും സൗജന്യമാണ് എന്നതാണ് ഇതിന്റെ പ്രധാന സവിശേഷത.
ഒരേ സമയം മൂന്ന് പേർക്ക് രക്തദാനം നടത്താനുള്ള സൗകര്യം മൊബൈൽ ബ്ലഡ് ബാങ്ക് വാനിൽ സജ്ജീകരിച്ചിട്ടുണ്ട്. ബ്ലഡ് പ്രിസർവിംഗ് റഫ്രിഡ്ജറേറ്ററും വാനിൽ ഉണ്ട്. ശേഖരിച്ച രക്തം ഇതിൽ ഒരു വർഷക്കാലം സൂക്ഷിക്കാം. 70 ഓളം ബ്ലഗ് ബാഗുകൾ സൂക്ഷിക്കാൻ പാകത്തിലാണ് റഫ്രിഡ്ജറേറ്റർ തയ്യാറാക്കിയിരിക്കുന്നത്. പോപ്പുലർ ഫണ്ട് വെഹിക്കിൾസ് ആൻഡ് സർവ്വീസിന്റെ സിഎസ്ആർ ഫണ്ടിൽ നിന്നും 43 ലക്ഷം രൂപ ചിലവിട്ടാണ് മൊബൈൽ ബ്ലഡ് ബാങ്ക് സജ്ജമാക്കിയിരിക്കുന്നത്.
മൊബൈൽ ബ്ലഡ് ബാങ്കിന് പുറമേ വൊളണ്ടറി ഡോണർ ബ്ലഡ് സെന്ററിൽ സാക്രമിക രോഗ പരിശോധന നടത്തുന്നതിനുള്ള നൂതന നാറ്റ് ലാബുകളും ഐഎംഎ സജീകരിച്ചിട്ടുണ്ട്.
Discussion about this post