തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടൽ ദുരന്തവുമായി ബന്ധപ്പെട്ട് കേന്ദ്രത്തിൽ നിന്ന് പരമാവധി സഹായം നേടിയെടുക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാണും. ഡൽഹിയിൽ രാവിലെ 10.30 നു പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. മുഖ്യമന്ത്രി നിലവിൽ ഇപ്പോൾ ഡൽഹിയിൽ ആണുള്ളത്.
ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് പ്രധാനമന്ത്രിയും കേന്ദ്ര വിദഗ്ദ്ധ സംഘവും ദുരന്തമേഖല സന്ദർശിച്ചത്. കേരളം കൃത്യമായി റിപ്പോർട്ട് സമർപ്പിച്ചാൽ മതിയെന്നും പണം ഒരു വിഷയം ആകില്ലെന്നും പ്രധാനമന്ത്രി യോഗത്തിൽ ഉറപ്പ് നൽകിയിരുന്നു.
ഇതിനെ തുടർന്ന് സംസ്ഥാനം പ്രത്യേക നിവേദനം നൽകിയിരുന്നു. പുനരധിവാസത്തിന് 2000 കോടിയും നഷ്ടപരിഹാര ഇനത്തിൽ 1200 കോടിയുമാണ് ആവശ്യപ്പെട്ടത്. ചീഫ് സെക്രട്ടറി ഡോ.വി.വേണു വയനാട് സന്ദർശിച്ച് അനുബന്ധ റിപ്പോർട്ടും നൽകിയിരുന്നു.
വയനാട് ഉരുൾപൊട്ടലിനെ ദേശീയ ദുരന്തം എന്ന വിഭാഗത്തിൽ പെടുന്ന എൽ-3 വിഭാഗത്തിലുള്ള ദുരന്തമായി പ്രഖ്യാപിക്കണമെന്നാണ് സംസ്ഥാനത്തിന്റെ മുഖ്യ ആവശ്യം.
Discussion about this post