ന്യൂഡൽഹി : 1999ൽ നടന്ന കാണ്ഡഹാർ വിമാനം റാഞ്ചൽ സംഭവവുമായി ബന്ധപ്പെട്ട് നെറ്റ്ഫ്ലിക്സ് പുറത്തിറക്കിയ ‘IC814- കാണ്ഡഹാർ ഹൈജാക്ക്’ വെബ് സീരീസുമായി ബന്ധപ്പെട്ട വിവാദത്തിൽ നടപടിയുമായി കേന്ദ്രസർക്കാർ. നെറ്റ്ഫ്ലിക്സ് പുറത്തിറക്കിയ പരമ്പരയിൽ മുസ്ലിം ഭീകരരുടെ പേരുകൾക്ക് വ്യക്തിത്വ മാറ്റവും ഹിന്ദു നാമങ്ങളും ആണ് നൽകിയിരിക്കുന്നത്. വിഷയവുമായി ബന്ധപ്പെട്ട് നെറ്റ്ഫ്ലിക്സ് ഇന്ത്യയുടെ ഉള്ളടക്ക മേധാവിയെ വിളിച്ചുവരുത്തി വിശദീകരണം തേടുമെന്ന് കേന്ദ്രസർക്കാർ അറിയിച്ചു.
പരമ്പരയിലെ ഭീകരരുടെ പേര് മാറ്റത്തെ ചൊല്ലി സമൂഹമാദ്ധ്യമങ്ങളിൽ വലിയ വിമർശനങ്ങൾ ഉയർന്നതിന് പിന്നാലെയാണ് കേന്ദ്രസർക്കാരിന്റെ ഈ നടപടി. ഭോല, ശങ്കർ എന്നിങ്ങനെയുള്ള ഹിന്ദു പേരുകളിലാണ് പാകിസ്താൻ ഭീകരർ ഈ പരമ്പരയിൽ വിശേഷിപ്പിക്കപ്പെടുന്നത്. 5 മുസ്ലിം തീവ്രവാദികളാണ് IC814 വിമാനം റാഞ്ചൽ സംഭവത്തിൽ പ്രവർത്തിച്ചിരുന്നത്. എന്നാൽ നെറ്റ്ഫ്ലിക്സിന്റെ പരമ്പരയിൽ ഈ മുസ്ലിം തീവ്രവാദികൾ ഭോല, ശങ്കർ, ബർഗർ, ഡോക്ടർ, ചീഫ് എന്നീ പേരുകളിലാണ് പ്രത്യക്ഷപ്പെടുന്നത്. പരമ്പര ഇന്ത്യയിൽ പ്രദർശിപ്പിക്കാൻ ആരംഭിച്ചതോടെ സമൂഹമാദ്ധ്യമങ്ങളിൽ വലിയ വിമർശനമായിരുന്നു ഈ പരമ്പരയ്ക്കെതിരെ ഉയർന്നിരുന്നത്.
കേന്ദ്ര ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം ആണ് നെറ്റ്ഫ്ലിക്സ് ഇന്ത്യയുടെ ഉള്ളടക്ക മേധാവിയെ വിളിച്ചു വരുത്താൻ തീരുമാനിച്ചിട്ടുള്ളത്. സെപ്റ്റംബർ മൂന്നിന് നേരിട്ട് ഹാജരായി വിശദീകരണം നൽകണമെന്നാണ് നെറ്റ്ഫ്ലിക്സിനെ കേന്ദ്രസർക്കാർ അറിയിച്ചിട്ടുള്ളത്. അനുഭവ് സിൻഹ ആണ് ‘IC814- കാണ്ഡഹാർ ഹൈജാക്ക്’ എന്ന വെബ് സീരീസ് സംവിധാനം ചെയ്തിരിക്കുന്നത്. 1999-ൽ പാകിസ്താൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭീകര സംഘടനയായ ഹർകത്ത്-ഉൽ-മുജാഹിദീൻ ഇന്ത്യൻ എയർലൈൻസ് വിമാനം ഹൈജാക്ക് ചെയ്ത സംഭവത്തിന്റെ ദൃശ്യാവിഷ്കാരമാണ് ഈ പരമ്പര.
നേപ്പാളിലെ കാഠ്മണ്ഡുവിൽ നിന്ന് ന്യൂഡൽഹിയിലേക്ക് വരികയായിരുന്ന ഇന്ത്യൻ എയർലൈൻസിന്റെ വിമാനം ആയുധധാരികളായ അഞ്ചംഗ ഭീകരസംഘം തട്ടിയെടുക്കുകയായിരുന്നു. അമൃത്സർ, ലാഹോർ, താലിബാൻ നിയന്ത്രണത്തിൽ ആയിരുന്ന കാണ്ഡഹാർ എന്നിവിടങ്ങളിലേക്ക് വിമാനം കൊണ്ടുപോകാനായി ഇവർ പൈലറ്റിനെ ഭീഷണിപ്പെടുത്തുകയായിരുന്നു. വിമാനത്തിൽ ഉണ്ടായിരുന്ന 179 യാത്രക്കാരുടെ ജീവൻ രക്ഷിക്കുന്നതിനായി അന്ന് കേന്ദ്രസർക്കാരിന് ഇന്ത്യയിൽ തടവിൽ കഴിഞ്ഞ മൂന്ന് ഭീകരരെ മോചിപ്പിക്കേണ്ടതായി വന്നു. ഈ സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് നെറ്റ്ഫ്ലിക്സ് പുതിയ പരമ്പര പുറത്തിറക്കിയിരിക്കുന്നത്.
Discussion about this post