സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. അതിശക്തമായ മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്താണ് മാറ്റം.ആറ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കണ്ണൂർ, കാസർകോട് ജില്ലകളിൽ നാളെ റെഡ് അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
മറ്റന്നാൾ മലപ്പുറം മുതൽ കാസർകോട് വരെയുള്ള എല്ലാ ജില്ലകളിലും റെഡ് അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ മുതൽ തീവ്രമഴയുണ്ടാകുമെന്നാണ് സൂചന. ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തുടർച്ചയായി മഴ ലഭിക്കുന്ന മേഖലകളിൽ കനത്ത ജാഗ്രത പാലിക്കണം. ഉരുൾപ്പൊട്ടൽ, മണ്ണിടിച്ചിൽ, വെള്ളപ്പൊക്ക സാധ്യതകൾ കണക്കിലെടുക്കണം
കേരളം, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കുണ്ട്. കണ്ണൂർ, കാസർകോട് ജില്ലകളിൽ, കുഴത്തൂർ മുതൽ കോട്ടക്കുന്നുവരെ തീരത്ത് കള്ളക്കടൽ മുന്നറിയിപ്പുമുണ്ട്. കേരള തീരത്ത് രാത്രി 8.30 വരെ 0.5 മുതൽ 1.0 മീറ്റർ വരെയും കന്യാകുമാരി തീരത്ത് 1.0 മുതൽ 1.1 മീറ്റർ വരെയും ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു
Discussion about this post