പാകിസ്താനിലെ കരസേന മേധാവി ജനറൽ അസിം മുനീറിനെതിരെ രൂക്ഷ വിമർശനവുമായി മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. പാകിസ്താനിൽ നിലവിൽ കാട്ടുനീതിയായതിനാൽ കരസേനാ മേധാവി ജനറൽ അസിം മുനീറിന് ഫീൽഡ് മാർഷൽ എന്നതിന് പകരം ‘രാജാവ്’ എന്ന പദവി നൽകേണ്ടതായിരുന്നുവെന്നാണ് ഇമ്രാൻ ഖാന്റെ പരിഹാസം.
മാഷാ അല്ലാഹ്, ജനറൽ അസിം മുനീറിനെ ഫീൽഡ് മാർഷലായി നിയമിച്ചു. സത്യം പറഞ്ഞാൽ, അദ്ദേഹത്തിന് ‘രാജാവ്’ എന്ന പദവി നൽകുന്നതായിരിക്കും കൂടുതൽ ഉചിതമായിരിക്കുക – കാരണം ഇപ്പോൾ രാജ്യം കാട്ടിലെ നിയമമാണ് ഭരിക്കുന്നത്. കാട്ടിൽ ഒരു രാജാവ് മാത്രമേയുള്ളൂ എന്നാണ് ഇമ്രാൻ ഖാൻ കുറ്റപ്പെടുത്തിയത്.
ഇന്ത്യയുമായുള്ള സമീപകാല സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ ചൊവ്വാഴ്ച ജനറൽ അസിം മുനീറിനെ ഫീൽഡ് മാർഷൽ പദവിയിലേക്ക് ഉയർത്തിയിരുന്നു. ഇതോടെ പാകിസ്താന്റെ ചരിത്രത്തിൽ ആ സ്ഥാനത്തേക്ക് ഉയർത്തപ്പെടുന്ന രണ്ടാമത്തെ ഉന്നത സൈനിക ഉദ്യോഗസ്ഥനായി അസിം മുനീർ മാറിയിരുന്നു.
പാകിസ്താന്റെ താൽപര്യങ്ങളെയും ഭാവിയെയും കുറിച്ച് യഥാർത്ഥ കരുതലുണ്ടെങ്കിൽ ചർച്ചയാകാമെന്നും ഇമ്രാൻ ഖാൻ സൂചിപ്പിച്ചു’. ‘രാജ്യം ബാഹ്യ ഭീഷണികളെയും, തീവ്രവാദത്തിന്റെ കുതിച്ചുചാട്ടത്തെയും, സാമ്പത്തിക പ്രതിസന്ധിയെയും നേരിടുന്നു. നമ്മൾ ഒന്നിക്കണം. ഞാൻ മുമ്പ് ഒരിക്കലും എനിക്കായി ഒന്നും ആവശ്യപ്പെട്ടിട്ടില്ല, ഇപ്പോഴും അങ്ങനെ ആവശ്യപ്പെടില്ല’ എന്നും ഇമ്രാൻ ഖാൻ ചൂണ്ടിക്കാണിച്ചു. ഇന്ത്യ മറ്റൊരു ആക്രമണം നടത്താൻ സാധ്യതയുണ്ടെന്നും ഷെഹ്ബാസ് ഷെരീഫ് സർക്കാരിന് ഇമ്രാൻ ഖാൻ മുന്നറിയിപ്പ് നൽകി. അത്തരം ഏത് സാഹചര്യം നേരിടാനും ഷെഹ്ബാസ് ഷെരീഫ് ഭരണകൂടം തയ്യാറായിരിക്കണം എന്നും അദ്ദേഹം പറഞ്ഞു.
Discussion about this post