കേസ് ഒത്തുത്തീർപ്പാക്കാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥൻ രണ്ട് കോടി രൂപ ആവശ്യപ്പെട്ടെന്ന് പരാതിനൽകിയ അനീഷ് ബാബു മുൻപ് തട്ടിപ്പുകേസിൽ പ്രതിയായ വ്യക്തിയെന്ന് വിവരം. അഞ്ച് വർഷംമുന്നേ കോടികൾ തട്ടിയതിന് കേരള പോലീസിന്റെ പിടിയിലായ വ്യക്തിയാണ് ഇയാൾ. ടാൻസാനിയയിൽനിന്ന് കശുവണ്ടി ഇറക്കുമതി ചെയ്ത് നൽകാമെന്ന് പറഞ്ഞ് വിവിധ കശുവണ്ടി വ്യാപാരികളിൽനിന്ന് 14.73 കോടി തട്ടിയെന്നാണ് കേസ്. 2020 ജനുവരിയിൽ അനീഷിനെ അറസ്റ്റ് ചെയ്തിരുന്നു. നിലവിൽ ഈ കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുകയാണ്. ഇയാൾക്കെതിരെ വേറെയും അഞ്ച് കേസുകളുണ്ടെന്നാണ് റെക്കോർഡുകൾ വ്യക്തമാക്കുന്നത്.
ടാൻസാനിയയിലെ ഐ ആൻഡ് എം ബാങ്കിൽ 40.22 ലക്ഷം ഡോളർ നിക്ഷേപം തന്റെ പേരിലുണ്ടെന്ന് സാക്ഷ്യപ്പെടുത്തുന്ന സൊസൈറ്റി ഫോർ വേൾഡ് വൈഡ് ഇന്റർ ബാങ്ക് ഫിനാൻഷ്യൽ ടെലികമ്യൂണിക്കേഷൻ (സ്വിഫ്റ്റ്) രേഖ വ്യാജമായി നിർമിച്ചായിരുന്നു വ്യാപാരികളെ അനീഷ് കബളിപ്പിച്ചത്.
അഞ്ചലിലെ റോയൽ കാഷ്യൂസ് ഉടമ കുഞ്ഞുമോൻ നാലായിരം ടൺ തോട്ടണ്ടി ഇറക്കുമതി ചെയ്യാൻ അനീഷ് ബാബുവിന് 18 കോടി രൂപ മുൻകൂറായി നൽകി. എന്നാൽ, 700 ടൺ മാത്രമേ ലഭിച്ചുള്ളൂ. പണവും മടക്കിക്കിട്ടാതായതോടെയാണ് കുഞ്ഞുമോൻ പോലീസിനെ സമീപിച്ചത്. 2020 ജനുവരിയിൽ ശാസ്തമംഗലത്തെ ഫ്ളാറ്റിൽ ഒളിവിൽ കഴിഞ്ഞിരുന്ന അനീഷിനെ പിടികൂടുകയായിരുന്നു.
Discussion about this post