ന്യൂഡൽഹി: സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അന്തരിച്ചു. കുറച്ചുദിവസങ്ങളിലായി രോഗംമൂർച്ഛിച്ചതിനെ തുടർന്ന് ഡൽഹി എയിംസിൽ ചികിത്സയിലായിരുന്നു അദ്ദേഹം.ശ്വാസകോശത്തിലെ അണുബാധയെ തുടർന്നായിരുന്നു അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 72 ാം വയസിലാണ് അന്ത്യം.നില വഷളായതോടെ വെൻ്റിലേറ്ററിലേക്ക് മാറ്റിയിരിക്കുകയായിരുന്നു.
1952 ആഗസ്റ്റ് 12-ന് സർവ്വേശ്വര സോമയാജുല യെച്ചൂരിയുടെയും കൽപ്പാക്കത്തിന്റെയും മകനായി മദ്രാസിൽ ജനിച്ചു. അച്ഛൻ ആന്ധ്രപ്രദേശ് റോഡ് ട്രാസ്പോർട്ട് കോർപ്പറേഷനിൽ എഞ്ചിനീയറായിരുന്നു. അമ്മ സർക്കാർ സർവീസിൽ ആയിരുന്നു. സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം ഡൽഹിയിൽ സെന്റ് സ്റ്റീഫൻസ് കോളേജിൽ നിന്നും അദ്ദേഹം ഡിഗ്രി കരസ്ഥമാക്കി. 1975-ൽ ജവഹർലാൽ നെഹ്‌റു സർവ്വകലാശാലയിൽ നിന്നും ഇക്കണോമിക്സിൽ മാസ്റ്റർ ബിരുദം നേടി. പത്രപ്രവർത്തകയായ സീമ ക്രിസ്റ്റിയാണ് യെച്ചൂരിയുടെ ഇപ്പോഴത്തെ ഭാര്യ.
1974-ൽ എസ്.എഫ്.ഐയിൽ ചേർന്നു. ജെ എൻ യു വിലെ അദ്ദേഹത്തിന്റെ പഠനത്തിനിടയിൽ ആണ് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെടുന്നത്. അടിയന്തരാവസ്ഥക്കെതിരെ പ്രധിഷേധം ഉയർത്തിയതിനെ തുടർന്ന് ഡോക്ട്രേറ്റ് പൂർത്തിയാക്കുന്നതിനു മുന്നേ തന്നെ അറസ്റ്റിലായി. ജയിൽ മോചിതനായ ശേഷം വീണ്ടും പഠനം തുടർന്നു. അതെ കാലയളവിൽ മൂന്നു തവണ യെച്ചൂരിയെ ജെ.എൻ.യു വിദ്യാർഥി യൂണിയൻ പ്രസിഡണ്ടായി തെരഞ്ഞെടുത്തു.
1978 ൽ എസ്.എഫ്.ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി ആയി തെരഞ്ഞെടുക്കപ്പെട്ട യെച്ചൂരി അതെ വർഷം തന്നെ എസ്.എഫ്.ഐ അഖിലേന്ത്യാ പ്രസിഡണ്ടായും തെരഞ്ഞെടുക്കപ്പെട്ടു. 1985-ൽ സിപിഎം കേന്ദ്രകമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട യെച്ചൂരി 1992 മുതൽ സിപിഎം പോളിറ്റ് ബ്യൂറോ അംഗമാണ്. പാർട്ടി മുഖപ്പത്രമായ പീപ്പിൾ ഡെമോക്രസിയുടെ എഡിറ്ററും കൂടി ആണ് യെച്ചൂരി.









