സമുദ്രത്തില്‍ നൂലു പൊട്ടിയ ഹൈഡ്രജന്‍ ബലൂണുകളെപ്പോലെ കറങ്ങിനടക്കുന്ന ജീവികളാണ് കോംബ് ജെല്ലികള്‍. ശാസ്ത്രലോകത്തെ തന്നെ വിസ്മയിപ്പിച്ച ഇവയുടെ മറ്റൊരു സവിശേഷതയാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്, പരുക്ക് പറ്റുന്ന സാഹചര്യത്തില്‍ രണ്ടു ജീവികള്‍ ചേര്‍ന്ന് ഒരു ജീവിയായി മാറാന്‍ സാധിക്കുമെന്നാണ് പുതിയ കണ്ടെത്തല്‍ എക്സിറ്റര്‍ സര്‍വകലാശാല, ജപ്പാനിലെ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്സ് ഓഫ് നാച്ചുറല്‍ സയന്‍സസ് എന്നിവിടങ്ങളിലെ ശാസ്ത്രജ്ഞരാണ് പഠനം നടത്തിയത്. ലബോറട്ടറി സംവിധാനത്തില്‍ വളരുന്ന കോംബ് ജെല്ലികളെ നിരീക്ഷിച്ചപ്പോഴാണ് ഈ കാര്യം ശാസ്ത്രജ്ഞര്‍ക്ക് മനസ്സിലായത്.
കോംബ് ജെല്ലികള്‍ സമുദ്രത്തിലെ ആഴമേറിയ ഭാഗങ്ങളില്‍ ജീവിക്കുന്നവയാണ്. കടലിന്റെ അടിത്തട്ടിനു രണ്ടു മീറ്റര്‍ മുകളിലായാണ് ഇവ നിലനില്‍ക്കുന്നത്. കടല്‍ജീവികളുടെ മുട്ടകളും ചെറുകക്കകളുമൊക്കെയാണ് ഈ ജീവികളുടെ ആഹാരം.
കടല്‍ജീവികളില്‍ നിന്നു മൃഗങ്ങളിലേക്കുള്ള പരിണാമത്തിനു തുടക്കം കുറിച്ചത് കോംബ് ജെല്ലികളിലാണെന്നു ഗവേഷകരുടെ വാദമുണ്ട്. ഇതു ശരിയാണെങ്കില്‍ മനുഷ്യന്‍ ഉള്‍പ്പെടുന്ന ഭൂമിയിലെ മൃഗകുടുംബത്തിന്റെയെല്ലാം പൊതു പൂര്‍വികനാണു കോംബ് ജെല്ലി. പ്രകാശത്തെ വക്രീകരിച്ചു വിവിധ നിറങ്ങള്‍ സമുദ്രത്തില്‍ സൃഷ്ടിക്കാനുള്ള കഴിവ് ഇവയ്ക്കുണ്ട്് .ഇവ കടലില്‍ സഞ്ചരിക്കാന്‍ ഉപയോഗിക്കുന്ന ചീര്‍പ്പു പോലെയുള്ള ശരീരഭാഗത്തില്‍ നിന്നാണു കോംബ് ജെല്ലി എന്ന പേര് ലഭിച്ചത്.
ഇവ കപ്പലുകളുടെ അടിത്തട്ടില്‍ ഒട്ടിച്ചേര്‍ന്ന് പുതിയ മേഖലകളില്‍ എത്താറുണ്ട്. ഇവിടെ ഇവ പെരുകുകയും അവിടത്തെ തദ്ദേശീയമായ മത്സ്യങ്ങളുടെ മുട്ടകള്‍ തിന്നൊടുക്കുകയും ചെയ്യും.ഇതുമാത്രമാണ് ഇവയുടെ പ്രധാനപ്രശ്‌നം.
Discussion about this post