ബെര്‍ലിന്‍: പിസയ്‌ക്കൊപ്പം കൊക്കെയ്നും വിതരണം ചെയ്ത പിസ റസ്റ്ററന്റ് മാനേജരെ ഒടുവില്‍ കൈയ്യോടെ പിടികൂടി പോലീസ്. ജര്‍മനിയിലാണ് സംഭവം നടന്നത്. ജര്‍മനിയിലെ ഡസല്‍ഡോര്‍ഫ് നഗരത്തിലെ ഒരു പിസ റസ്റ്ററന്റിലാണ് പോലീസ് പരിശോധന നടത്തിയത്.
ഈ റസ്റ്റോറന്റ് മെനുവിലെ 40-ാം നമ്പര്‍ പിസ ഓര്‍ഡര്‍ ചെയ്യുമ്പോഴാണ് അതിനോടൊപ്പം കൊക്കെയ്നും ലഭിക്കുന്നത്. ഇവിടെയെത്തുന്നവരില്‍ അധികവും ഓര്‍ഡര്‍ ചെയ്യുന്ന വിഭവവും ഇതാണെന്ന് ക്രിമിനല്‍ ഡയറക്ടര്‍ മൈക്കിള്‍ ഗ്രാഫ് വോണ്‍ മോള്‍ട്ട്കെ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ഇക്കഴിഞ്ഞ മാര്‍ച്ചിലാണ് ഇവര്‍ വിളമ്പുന്ന പ്രത്യേക വിഭവത്തെപ്പറ്റി പോലീസിന് രഹസ്യവിവരം ലഭിച്ചത്. പിന്നീട് ഡ്രഗ് സ്‌ക്വാഡും റസ്റ്ററന്റിനെ നിരീക്ഷിച്ചുവരികയായിരുന്നു. അപ്പോഴാണ് മെനുവിലെ 40-ാം നമ്പര്‍ വിഭവം നിരവധി പേര്‍ ഓര്‍ഡര്‍ ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടത്.
റസ്റ്ററന്റ് മാനേജരുടെ അപ്പാര്‍ട്ട്മെന്റിലെത്തിയ പോലീസ് ഇയാളെ ചോദ്യം ചെയ്തു. എന്നാല്‍ അതിനിടെ ഇയാള്‍ ഒരു വലിയ ബാഗ് ജനലില്‍ കൂടി താഴേക്ക് വലിച്ചെറിഞ്ഞു. ഈ ബാഗ് പോലീസിന് ലഭിക്കുകയും ചെയ്തു. 1.6 കിലോഗ്രാം കൊക്കെയ്ന്‍, 400 ഗ്രാം കഞ്ചാവ്, കുറച്ച് പണം എന്നിവയായിരുന്നു ബാഗിലുണ്ടായിരുന്നതെന്ന് ഡസല്‍ഡോര്‍ഫ് പോലീസ് പറഞ്ഞു. റസ്റ്ററന്റ് മാനേജരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
Discussion about this post