കമ്യൂണിസ്റ്റ് ഭീകരതയ്‌ക്കെതിരായ കൂട്ടായ പോരാട്ടം ഫലം കാണുന്നുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കമ്യൂണിസ്റ്റുകാരുടെ സ്വാധീനമുള്ള മേഖലകളിൽ വികസനവും വിദ്യാഭ്യാസവും സാധ്യമാകുന്നുണ്ടെന്നും തന്റെ പ്രതിമാസ ‘മാൻ കി ബാത്ത്’ റേഡിയോ പരിപാടിയിൽ പ്രധാനമന്ത്രി മോദി പറഞ്ഞു. മഹാരാഷ്ട്രയിലെ ഗഡ്ചിരോളി ജില്ലയിലെ കതേഝരി, ഛത്തീസ്ഗഡിലെ ദന്തേവാഡ തുടങ്ങിയ മാവോയിസ്റ്റ് അക്രമത്തിന്റെ പിടിയിലായിരുന്ന വിദൂര ഗ്രാമങ്ങളിൽ ബസ് സർവീസുകൾ, വിദ്യാഭ്യാസം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ ഇപ്പോൾ സാധ്യമായതായി അദ്ദേഹം കൂട്ടിച്ചേർത്തു.
‘ബസിൽ യാത്ര ചെയ്യുന്നത് വളരെ സാധാരണമായ കാര്യമാണ്. എന്നാൽ ആദ്യമായി ഒരു ബസ് എത്തിയ ഒരു ഗ്രാമത്തെക്കുറിച്ച് ഞാൻ നിങ്ങളോട് പറയാൻ ആഗ്രഹിക്കുന്നു. വർഷങ്ങളായി ഈ ദിവസത്തിനായി അവിടത്തെ ആളുകൾ കാത്തിരിക്കുകയായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.
പത്താം ക്ലാസ് പരീക്ഷയിൽ 95 ശതമാനം വിജയത്തോടെ ദന്തേവാഡ ജില്ല ഛത്തീസ്ഗഢിൽ ഒന്നാമതെത്തിയതായും പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ സംസ്ഥാനത്ത് ആറാം സ്ഥാനത്തെത്തിയതായും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
Discussion about this post