റഷ്യൻ പ്രസിഡണ്ട് വ്ളാഡിമിർ പുടിനെതിരെ ഉക്രെയിൻ വധശ്രമം നടത്തിയതായി റഷ്യയുടെ ആരോപണം. പുടിൻ സഞ്ചരിച്ച ഹെലികോപ്റ്ററിന് നേരെ ഡ്രോൺ ആക്രമണം നടത്തി എന്നാണ് റഷ്യ ആരോപിക്കുന്നത്.പുടിന്റെ ഹെലികോപ്റ്റർ ഉക്രെയ്ൻ വെടിവച്ചു വീഴ്ത്താൻ ശ്രമിച്ചുവെന്നാണ് റഷ്യ പറയുന്നത്.
വ്യോമസേനയിലെ മേജർ ജനറൽ യൂറി ഡാഷ്കിൻ ആണ് ഇത് സംബന്ധിച്ച് വിശദീകരണം നടത്തിയത്. യൂറി ഡാഷ്കിൻ പറയുന്നതനുസരിച്ച്, മെയ് 20 ന് പുടിൻ കുർസ്ക് സന്ദർശിച്ചു. ആ സമയത്ത് 46 ഡ്രോണുകൾ ഉപയോഗിച്ചാണ് ഉക്രെയ്നിയൻ വ്യോമസേന പുടിന്റെ ഹെലികോപ്റ്റർ ആക്രമിച്ചതെന്ന് ഡാഷ്കിൻ പറഞ്ഞു.
എല്ലാ ഡ്രോണുകളും ഞങ്ങൾ വെടിവച്ചു വീഴ്ത്തി.പ്രസിഡന്റിന്റെ ഹെലികോപ്റ്ററിന്റെ സുരക്ഷ ഉറപ്പാക്കാൻ ഒരേ സമയം നിരവധി ഡ്രോണുകളെ നിർവീര്യമാക്കേണ്ടിവന്നു, ഡാഷ്കിൻ പറഞ്ഞു. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ഉക്രെനിയൻ സൈന്യം ആക്രമിച്ച അതേ സ്ഥലമാണ് കുർസ്ക്. കൂടാതെ, അവർ 1100 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള ഭൂമി പിടിച്ചെടുത്തു. രണ്ടാം ലോക മഹായുദ്ധത്തിനുശേഷം ആദ്യമായാണ് ഒരു വിദേശ സൈന്യം റഷ്യൻ മണ്ണ് ആക്രമിക്കുന്നത്. അതിനാൽ തന്നെ ഈ ആക്രമണം ഏറെ പ്രത്യേകതയുള്ളതായാണ് റഷ്യ കണക്കാക്കുന്നത്.
കുർസ്ക് വീണ്ടും റഷ്യ പിടിച്ചെടുത്തുവെന്ന് സന്ദർശന വേളയിൽ പുടിൻ വ്യക്തമാക്കിയിരുന്നു. ആളുകൾക്ക് അവരുടെ വീടുകളിലേക്ക് മടങ്ങാൻ വേണ്ടി ഇവിടത്തെ കുഴിബോംബുകൾ നീക്കം ചെയ്യാൻ പട്ടാളക്കാരെ അയയ്ക്കാൻ പുടിൻ ഉത്തരിവിടുകയും ചെയ്തു. അതേ സമയം റഷ്യയുടെ ഈ വാദത്തെ ഉക്രെയിൻ അംഗീകരിക്കുന്നില്ല. ആ പ്രദേശത്ത് ഇപ്പോഴും തങ്ങളുടെ സൈന്യമുണ്ടെന്നാണ് ഉക്രെയ്ൻ പറയുന്നത്. ഇതു സംബന്ധിച്ച് റഷ്യയും ഉക്രെയിനും പോരാട്ടും തുടരുകയാണ്.
Discussion about this post